തിരുവനന്തപുരം: ഓണം കളറാക്കാൻ കെ.എസ്.ആർ.ടി.സിയുടെ 143 പുത്തൻ ബസുകൾ നിരത്തിലിറങ്ങും. ഒൻപത് വർഷത്തിനുശേഷമാണ് കോർപ്പറേഷന് പുതിയ ബസുകൾ വാങ്ങുന്നത്. ഇതിൽ 106 ബസുകൾ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനും ഓർഡിനറി സർവീസിനുള്ള 37 എണ്ണം കെ.എസ്.ആർ.ടി.സിക്കുമാണ്. പരിപാടി ആഘോഷമാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനം. 23 മുതൽ 25 വരെ നടക്കുന്ന ആഘോഷത്തിന് കനകക്കുന്ന് വേദിയാകും. 60 സൂപ്പർ ഫാസ്റ്റ്, 20 ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ആദ്യ ബാച്ചിൽപ്പെട്ട 80 ബസുകളാണ് ഉടൻ എത്തുന്നത്. ടാറ്റാ കമ്പനിയുടേതതാണിവ. 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ ട്രാവൽ കാർഡ്, സ്റ്റുഡൻസ് കാർഡുകളും പരിപാടിയിൽ അവതരിപ്പിക്കും. മൂന്നു ദിവസമായി നടക്കുന്ന എക്സ്‌പോയിൽ ട്രാൻസ്പോർട്ട് രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കും.
10 എ.സി സ്ലീപ്പർ കം സീറ്ററുകൾ, എട്ട് എ.സി സെമി സ്ലീപ്പറുകൾ എന്നിവ ഉൾപ്പെടെ പ്രീമിയം ബസുകളാണ് അശോക് ലെയ്ലാൻഡ് എത്തിക്കുക. ഓർഡിനറി സർവീസ് നടത്തുന്നതിനായി 9 മീറ്റർ നീളമുള്ള ബസുകൾ ഉൾപ്പെടെ 37 ചെറിയ ബസുകളും എത്തും. എല്ലാം ഓണത്തിനു മുമ്പ് നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ.
അവസാനം വാങ്ങിയത് 2016ൽ
2016ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരിക്കെയാണ് കെ.എസ്.ആർ.ടി.സിക്കുവേണ്ടി അവസാനം ബസുകൾ (100 എണ്ണം) വാങ്ങിയത്. 2022 ഏപ്രിലിൽ ആന്റണി രാജു മന്ത്രിയായിരിക്കെ വാങ്ങിയ 116 ബസുകളും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനു വേണ്ടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |