തിരുവല്ല : കെ.എസ്,ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ ലാഭകരമായി മുന്നേറുന്നതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ടരക്കോടി രൂപയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിലൂടെ ലാഭം നേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയാരുന്നു മന്ത്രി. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാകുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശീലനമെന്നും ഗണേഷ് കുമാർ പറഞ്ഞു.
2025 ആഗസ്റ്റ് എട്ടിന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതിദിനം ലഭിക്കുന്നത് 17000 രൂപ.യാണ്. കെ.എസ്.ആർ.ടി.സിയിൽ സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവൽകാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസഷൻ എന്നിവ അവതരിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധി അടക്കം ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും ഗണേഷ്‌കുമാർ അറിയിച്ചു. നിർമ്മിത ബുദ്ധി സഹായത്താൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമ്മിത ബുദ്ധിയാൽ പുതിയ സോഫ്ട്‌വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |