
ഹരിപ്പാട്: ആയില്യം എഴുന്നള്ളത്ത് ദർശിക്കാനും സർവാഭരണ വിഭൂഷിതനായ നാഗരാജാവിനെയും നാഗയക്ഷിയമ്മയെയും തൊഴാനും മണ്ണാറശാലയിൽ ഇന്നലെത്തിയത് പതിനായിരക്കണക്കിന് ഭക്തർ. വെളുപ്പിന് നട തുറന്ന് അഭിഷേകം പൂർത്തിയാക്കി ഇളയ കാർണവർ എം.കെ. കേശവൻ നമ്പൂതിരി ആയില്യം നാളിലെ പൂജകൾ ആരംഭിച്ചു. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകി.
ഉച്ചപൂജയ്ക്ക് ശേഷം ഇളയകാർണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളം വരച്ചു. കളം പൂർത്തിയായതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി. ഇളയമ്മ, കുടുംബത്തിലെ മുതിർന്ന കാരണവന്മാർ എന്നിവർ അമ്മയെ അനുഗമിച്ചു. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചതിന് ശേഷം കുത്തുവിളക്കിലേക്ക് കുടുംബകാർണവർ ദീപം പകർന്നതോടെ എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലത്താണി, വായ്ക്കുരവ എന്നിവ മുഴങ്ങി.
വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും കാരണവൻമാരായ എം.കെ കേശവൻ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെയും ജയകുമാർ നമ്പൂതിരി നാഗയക്ഷിയമ്മയുടെയും വിഗ്രഹവുമായി ക്ഷേത്രത്തിന് വലം വെച്ച് ഇല്ലത്തേക്ക് എത്തി.
എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതോടെ അമ്മയുടെ കാർമ്മികത്വത്തിൽ ആയില്യം പൂജ ആരംഭിച്ചു. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പടെയുള്ള ആയില്യം പൂജകൾ അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. പൂജകൾക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ തട്ടിന്മേൽ നൂറുംപാലും നടത്തി. തുടർന്ന് അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ആഘോഷങ്ങൾ പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |