കൊച്ചി: മലബാർ സിമന്റ്‌സിലെ ഫ്ലൈ ആഷ് വിതരണക്കരാറുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മാനേജിംഗ് ഡയറക്ടറായിരുന്ന എം. സുന്ദരമൂർത്തി, ലീഗൽ ഓഫീസർ പ്രകാശ് ജോസഫ്, കരാറെടുത്ത സ്വകാര്യ കമ്പനിയായ എ.ആർ.കെ വുഡ് ആൻഡ് മെറ്റൽസ് എം.ഡി വി.എം രാധാകൃഷ്ണൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ വടിവേൽ എന്നിവരാണ് വിചാരണ നേരിടേണ്ടത്.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ജോസഫും സുന്ദരമൂർത്തിയും നൽകിയ ഹർജി തള്ളിയ ഹൈക്കോടതി, വിചാരയ്‌ക്കുള്ള സ്റ്രേ നീക്കി. മൂന്നു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശിച്ചു.
ഫ്ലൈ ആഷ് വിതരണ കരാർ പ്രകാരം 50 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി സ്വകാര്യ കമ്പനി മലബാർ സിമന്റ്സിന് നൽകിയിരുന്നു. സ്വകാര്യ കമ്പനി ഏകപക്ഷീയമായി വിതരണം നിറുത്തിയതോടെ കരാർ റദ്ദായി. ഇതിലൂടെ മലബാർ സിമന്റ്സിന് 52.45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കരാർ റദ്ദാകുന്ന സാഹചര്യത്തിൽ 3 മാസത്തെ നോട്ടീസ് കാലാവധിക്ക് ശേഷം ഗ്യാരന്റി തുക തിരികെ നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ. എന്നാൽ, തുക ബാങ്കിൽ നിന്ന് സ്വകാര്യ കമ്പനി അനധികൃതമായി കൈപ്പറ്റി. ഇതിൽ നാലുപേരുടെയും ഗൂഢാലോചനയുണ്ടെന്നാണ് വിജിലൻസ് കേസ്.
കക്ഷികൾ തമ്മിൽ തർക്കമുണ്ടായാൽ തൂത്തുക്കുടിയിലെ കോടതിയെ സമീപിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചിരുന്നു. പകരം പാലക്കാട് ജില്ലാ കോടതിയിൽ കേസ് കൊടുത്തതും സ്വകാര്യ കമ്പനിക്ക് അനുകൂലമായെന്ന് വിജിലൻസിനു വേണ്ടി സ്‌പെഷ്യൽ ഗവ.പ്ലീഡർ എ. രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്. രേഖ എന്നിവർ വാദിച്ചു. 2004 മുതൽ 2013 വരെയാണ് മലബാർ സിമന്റ്സിന് വി.എം. രാധാകൃഷ്ണന്റെ കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |