
തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ കെഎസ്ആർടിസിക്ക് നൽകിയ ഇ - ബസുകൾ നഗരത്തിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. ഇ - ബസുകൾ ഉടൻ തിരിച്ചെത്തിക്കുമെന്നും രാഷ്ട്രീയ സമ്മർദം കാരണമാണ് മറ്റ് സ്ഥലങ്ങളിൽ ബസ് ഓടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നഗരത്തിന് പുറത്തേയ്ക്ക് നൽകിയ ഇ - ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മേയറായി ചുമതലയേറ്റതിന് പിന്നാലെയാണ് വിവി രാജേഷിന്റെ ഈ നീക്കം.
കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുള്ളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞു. എന്നാൽ ഇ - ബസുകളുടെ കാര്യത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. നാളെ ഇതുസംബന്ധിച്ച് മന്ത്രി ഗണേഷ് കുമാർ മാദ്ധ്യമങ്ങളോട് സംസാരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ പറയുന്നത്.
തിരുവനന്തപുരത്ത് ബിജെപി ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെ കൗൺസിലർ ആർ ശ്രീലേഖയും വികെ പ്രശാന്ത് എംഎൽഎയും തമ്മിൽ കെട്ടിട ഓഫീസുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായിരുന്നു. ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസ് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. ഇതിനെ മയപ്പെടുത്തുന്ന നിലപാടാണ് വിവി രാജേഷ് കെെക്കൊണ്ടത്. കോർപ്പറേഷന്റെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |