
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ഗൗരവമായ കാര്യങ്ങൾ മന്ത്രി അറിയാതെ ശബരിമലയിൽ സംഭവിക്കില്ലെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ അഴിമതി നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഭരണകൂടത്തിന്റെ സഹായമില്ലാതെ ഇത്രയും വലിയ ക്രമക്കേട് നടക്കില്ല. സംഭവത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണ്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രവർത്തനത്തിൽ നിലവിൽ പരാതിയില്ലെങ്കിലും, കേസിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ കേന്ദ്ര ഏജൻസി തന്നെ വരണം.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി ശരിയാണെന്ന് തെളിയുകയാണ്. വിശ്വാസികളെ വഞ്ചിച്ചവർക്ക് അയ്യപ്പന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതുവരെ ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകും.' രമേശ് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |