
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ കൊള്ള നടത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം തടഞ്ഞ് മേയര്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം കൊയ്യുകയായിരുന്നു ഇയാള്‍. നഗരസഭയുടെ അനുമതി പോലും വാങ്ങാതെയുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. ഒരു ഓള്‍ട്ടോ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപയാണ് ഈടാക്കിയത്. വലിയ തുകയാണ് ടാക്‌സി കാറുകള്‍ക്ക് പോലും ഈടാക്കിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ മേയര്‍ വി.വി രാജേഷിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് മേയര്‍ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. 'ഒരു ഓള്‍ട്ടോ കാറിന് 400 രൂപയോ, തോന്ന്യാസം കാണിക്കരുത്, ലൈസന്‍സില്ലാതെയാണ് നിങ്ങള്‍ ഇത് നടത്തുന്നത്, ഇത് ശരിയായ നടപടിയല്ല, ഒരു കാറിന് ഇത്രയും ഫീസ് ക്രൂരതയാണ്' വി.വി. രാജേഷ് പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തലസ്ഥാന ജില്ലയില്‍ നാളെ പൊതു അവധിയാണ്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്കായി വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഒരുക്കങ്ങളുടെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഭക്തര്‍ക്കായി കിഴക്കേക്കോട്ടയില്‍ നിന്നും ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. അവിട്ടം തിരുനാള്‍ ഗ്രന്ഥശാല ഭാഗത്തുനിന്ന് ക്ഷേത്രവളപ്പിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ പാടശ്ശേരി വഴി തിരികെ പോകേണ്ടതാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ ഈ ഭാഗത്തുനിന്നുള്ള വാഹനപ്രവേശനം നിയന്ത്രിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |