
തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ശബരിമല അയ്യപ്പന്റെ സ്വർണം കട്ടവരെ തുറുങ്കിലടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റി. ബി.ജെ.പി കേരളത്തിൽ ആദ്യമായി നഗരഭരണം പിടിച്ചതിന്റെ വിജയാഘോഷവും പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഒരേസമയം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പാർട്ടിക്ക് ഐതിഹാസിക വിജയം സമ്മാനിച്ച തിരുവനന്തപുരത്തെ, രാജ്യത്തെ മാതൃകാനഗരമാക്കി വികസിപ്പിക്കും. അതിന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. ജനങ്ങൾ ബി.ജെ.പിയെ വിശ്വസിക്കാൻ തുടങ്ങിയതിന്റെ തെളിവാണ് തലസ്ഥാന നഗരത്തിലെ വിജയം. മാറാത്തത് ഇനി മാറും. ബംഗാളിലും ത്രിപുരയിലുമുണ്ടായ മാറ്റം കേരളത്തിലുമുണ്ടാകും.
പി.എം ശ്രീ പദ്ധതി നിരാകരിച്ചതിലൂടെ ഇടതുസർക്കാർ പാവപ്പെട്ട കുട്ടികൾക്ക് മികച്ച സ്കൂളിലിരുന്ന് പഠിക്കാനുള്ള അവസരം നിഷേധിച്ചു. കേരളത്തിലെ രണ്ടു മുന്നണികളുടെയും ശൈലി ഒന്നാണ്. അഴിമതിയും വർഗ്ഗീയതയും നൂറ് ശതമാനം, സുതാര്യതയും വികസനവും സീറോ. അതാണ് അവരുടെ രീതി.
കോൺഗ്രസ് പഴയ കോൺഗ്രസല്ല. എ.ഐ.സി.സി എന്നത് മുസ്ളിം മാവോവാദി കോൺഗ്രസ് എന്ന എം.എം.സിയായി. മുസ്ളിം ലീഗിനെക്കാൾ വലിയ വർഗ്ഗീയതയും മാവോയിസ്റ്റുകളെക്കാൾ വലിയ അരാജകത്വവുമാണവരുടെ മുഖമുദ്ര. അവരെ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.
'എന്റെ പ്രിയ സുഹൃത്തുക്കളെ"
'എന്റെ പ്രിയ സുഹൃത്തുക്കളെ" എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. സദസിൽ ഒരു കുട്ടി ചിത്രം ഉയർത്തികാട്ടിയത് വാങ്ങാൻ എസ്.പി.ജിയെ ചുമതലപ്പെടുത്തിയത് കൗതുകമായി.
മേയർ വി.വി.രാജേഷിനെ സുഹൃത്ത് എന്നുവിളിച്ച് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ് വിതുമ്പികൊണ്ടാണ് കാൽതൊട്ട് വന്ദിച്ചത്.
ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ എന്നിവരെ അനുസ്മരിച്ചാണ് പ്രസംഗം തുടങ്ങിയത്.
ഔദ്യോഗിക ചടങ്ങിൽ ഗവർണർ ആർ.വി.ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, മേയർ വി.വി.രാജേഷ് എന്നിവർ പങ്കെടുത്തു.
പാർട്ടി പരിപാടിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ശ്രീഅയ്യപ്പന്റെയും എൻ.ഡി.എ.കൺവീനർ തുഷാർ വെള്ളാപ്പള്ളി ശ്രീധർമ്മശാസ്താവിന്റെയും മേയർ വി.വി.രാജേഷ് ശ്രീപത്മനാഭന്റെയും ശില്പങ്ങൾ സമ്മാനിച്ചു.
പുഷ്പവൃഷ്ടിയോടെ വരവേൽപ്പ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ആവേശക്കടലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. റോഡിനിരുവശത്തും തിങ്ങിനിറഞ്ഞ ജനങ്ങൾ പൂക്കൾ വർഷിച്ചാണ് സ്വീകരിച്ചത്. ശാസ്ത്രത്തിന്റെയും നൂതനാശയത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും സ്റ്റാർട്ടപ്പ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുത്തരിക്കണ്ടം മൈതാനത്ത് പ്രഖ്യാപിച്ചു.കാറിന്റെ ഡോർ തുറന്ന് സൈഡിൽ പിടിച്ചുനിന്ന മോദി, ഇരുവശത്തും കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു. വിമാനത്താവളം മുതൽ കിഴക്കേകോട്ട വരെ റോഡിനിരുവശവും പതിനായിരക്കണക്കിന് ആളുകളാണ് കാത്തുനിന്നിരുന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന പൊലീസ് മേധാവി, ഉന്നത സൈനിക- പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ തുടങ്ങിയ 22 പേർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തിരുവനന്തപുരം നഗരസഭ ഭരണം ആദ്യമായി പിടിച്ചെടുത്ത ബി.ജെ.പി അതിന്റെ ആഘോഷത്തിനെത്തിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ ചെണ്ടമേളം, കഥകളി രൂപങ്ങൾ, തിറ, പൂക്കാവടി എന്നിവ ഒരുക്കിയിരുന്നു. എസ്.എം.വി സ്കൂൾ മുതൽ കിഴക്കേകോട്ട വരെ ഒരുവശത്ത് പ്രത്യേകം ബാരിക്കേഡുകെട്ടി തിരിച്ചിരുന്ന സ്ഥലത്ത് രാവിലെ 10 മണിയോടെ ജനം നിറഞ്ഞിരുന്നു. കടകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽവരെ ആളുകൾ നിൽപ്പുണ്ടായിരുന്നു.പൂക്കൾ വിതറിയതിനൊപ്പം പേപ്പർ ഷോട്ടുകൾ പായിച്ചും ജനങ്ങൾ വരവേറ്റു. ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പതാക വീശിയും ആവേശഭരിതരായി. ചെന്നൈയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി, തിരുവനന്തപുരത്തെ സ്വീകരണത്തിന്റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |