
തിരുവനന്തപുരം: കലാകാരന്മാർക്ക് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങൾ വർദ്ധിപ്പിച്ചു. സൂപ്പറാന്വേഷൻ പെൻഷൻ 4,000ൽ നിന്ന് 5,000 രൂപയാക്കിയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കുടുംബ പെൻഷനും അവശതാ പെൻഷനും 1,100ൽ നിന്ന് 1,600 രൂപയാക്കി. ആജീവനാന്ത ചികിത്സാ സഹായം രണ്ടുലക്ഷം രൂപയായി വർദ്ധിപ്പിച്ചു. മുൻപ് ഒരുതവണ മാത്രം ലഭിച്ചിരുന്ന ഈ സഹായം ഇനി മുതൽ ഓരോ മൂന്ന് വർഷം കൂടുമ്പോഴും ലഭ്യമാക്കും. ഇതോടെ മാരക രോഗങ്ങൾ പിടിപെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ ആവർത്തന ധനസഹായമായി ലഭിക്കും. വിവാഹ സഹായം 50,000 രൂപയായും മരണാനന്തര സഹായം 25,000 രൂപയായും വർദ്ധിപ്പിച്ചു. 60 വയസ് കഴിഞ്ഞ കലാകാരന്മാർക്ക് അംഗത്വത്തിന് ഒരവസരം കൂടി നൽകും. ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തിനകം 10 വർഷത്തെ അംശദായം ഒന്നിച്ചടച്ച് അപേക്ഷിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |