
കൊച്ചി: രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നതിലും നാടിന്റെ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും സമൃദ്ധി നിറയ്ക്കുകയാണ് ലക്ഷ്യം. അഖിലകേരള ധീവരസഭ സുവർണ ജൂബിലി സമ്മേളനം മറൈൻഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
നീല സമ്പദ്‌വ്യവസ്ഥയുടെ പരിപോഷണത്തിനായി പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിൽ കേരളത്തിനുവേണ്ടി 1400 കോടിരൂപ അനുവദിച്ചു. 177കോടി രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ നവീകരിച്ചു.തീരദേശ മത്സ്യബന്ധനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആധുനിക സംയോജിത തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ, കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുള്ള തീരദേശഗ്രാമങ്ങൾ, മത്സ്യസേവാ കേന്ദ്രങ്ങൾ, സാഗർമിത്ര എന്നിവയുൾപ്പെടെ പദ്ധതികൾക്ക് എൻ.ഡി.എ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മത്സ്യസംസ്കരണത്തിനായി സംസ്ഥാനത്ത് 16 ഐസ് പ്ലാന്റുകളും ശീതീകരണസംവിധാനങ്ങളും സ്ഥാപിച്ചു. മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ വഴിയും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ വഴിയും ലക്ഷക്കണക്കിന് രൂപയും ചെലവഴിക്കുന്നുണ്ട്. പണ്ഡിറ്റ് കറുപ്പന്റെ സാമൂഹ്യ പരിഷ്കരണ യത്നങ്ങളും മാതാ അമൃതാനന്ദമയിയുടെ സേവനതത്പരതയും എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ധീവര സമുദായത്തിന്റെ സംഘശക്തിയേയും അച്ചടക്കത്തേയും പ്രശംസിച്ചു.
പ്രധാനമന്ത്രി എത്തിയത് നമ്മളെ അനുഗ്രഹിക്കാനാണെന്ന ധീവരസഭ ജനറൽ സെക്രട്ടറിയുടെ ആമുഖ പ്രസംഗത്തിലെ പരമാർശത്തിന് മറുപടിയായി, ജനങ്ങളാണ് ഈശ്വരൻ, ജനതയാണ് ജനാർദ്ദനൻ, ജനങ്ങളെ അനുഗ്രഹിക്കാനല്ല, ജനങ്ങളുടെ അനുഗ്രഹം തേടാനാണ് താൻ വന്നതെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ പതിനായിരങ്ങൾ ഹർഷാരവത്തോടെയാണ് വരവേറ്റത്.സഭാ ജനറൽ സെക്രട്ടറി വി. ദിനകരനും വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാറും ചേർന്ന് ധീവരസഭയുടെ ഉപഹാരമായി മത്സ്യാവതാര ശില്പം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പ്രസിഡന്റ് എം.വി. വാരിജാക്ഷൻ അദ്ധ്യക്ഷനായി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മേയർ വി.കെ. മിനിമോൾ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു. ധീവരസഭ വൈസ് പ്രസിഡന്റ് എം. വത്സലൻ സ്വാഗതവും ട്രഷറർ പി.വി. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |