കരുനാഗപ്പള്ളി: ഗുണ്ടാസംഘം വീട്ടിൽ കയറി യുവാവിനെ അമ്മയുടെ കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷാണ് (45) കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറിൽ കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര സ്വദേശിയെ സന്തോഷ് കുത്തിപ്പരിക്കേൽപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം.
കൊലപാതകശേഷം ഇതേസംഘം വവ്വാക്കാവിൽ വച്ച് സന്തോഷിന്റെ സുഹൃത്തായ ഓച്ചിറ കണ്ണമ്പള്ളിൽ കിഴക്കതിൽ വീട്ടിൽ അനീറിനെ (31) ദേഹമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.15 ഓടെയാണ് സംഭവം. സന്തോഷും അമ്മ ഓമനഅമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാജ നമ്പർ പതിച്ച ഇന്നോവ കാറിലാണ് ആറംഗ ഗുണ്ടാസംഘമെത്തിയത്. കാറ് റോഡുവക്കിൽ ഒതുക്കിയ ശേഷം നാലുപേർ നടന്ന് സന്തോഷിന്റെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയുടെ പ്രവർത്തനം നിലച്ചു. തുടർന്ന് സംഘം മൺവെട്ടിയും കോടാലിയും ഉപയോഗിച്ച് കതക് വെട്ടിപ്പൊളിച്ചു. സന്തോഷിന്റെ മുറിയെന്ന് കരുതി സംഘം ആദ്യം പൊളിച്ചത് ഓമനഅമ്മയുടെ മുറിയുടെ വാതിലായിരുന്നു. തുടർന്നാണ് സന്തോഷിന്റെ മുറിയുടെ കതക് തകർത്തത്. മുറിക്കുള്ളിൽ കയറിയ സംഘം രണ്ട് പ്രാവശ്യം തോട്ട പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടെങ്കിലും അയൽവാസികൾ ഭയന്ന് പുറത്തിറങ്ങിയില്ല.
അക്രമികൾ സന്തോഷിന്റെ കാല് കൂടത്തിന് അടിച്ചുതകർത്ത ശേഷം നെഞ്ചിലും തലയിലും മുതുകിലും വാൾ കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് മൊബൈലിൽ ആംബുലൻസ് ഡ്രൈവറെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ഇതിനിടെ അയൽവാസികൾ പൊലീസിനെ വിവരമറിയിച്ചു. ആംബുലൻസും പൊലീസും എത്തി ഉടൻ തന്നെ സന്തോഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനിടെയാണ് ഇതേ സംഘം നാലര കിലോമീറ്റർ അകലെയുള്ള വവ്വാക്കാവിലെത്തി ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ പൊരിപ്പ് കച്ചവടം കഴിഞ്ഞ് രണ്ട് സുഹൃത്തുകൾക്കൊപ്പം മടങ്ങിവരികയായിരുന്നു അനീറിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അനീറിനെ മാത്രം ലക്ഷ്യമിട്ട സംഘം ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഉപദ്രവിച്ചില്ല. ഗുരുതരമായി പരിക്കേറ്റ അനീർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻക്വസ്റ്റിനു ശേഷം സന്തോഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സന്തോഷിന്റെ പേരിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ചങ്ങൻകുളങ്ങര സ്വദേശിയെ കുത്തിയ കേസിൽ 45 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് സന്തോഷ് പുറത്തിറങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ കുത്തേറ്റ യുവാവിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട വയനകത്തെ ഗുണ്ടാസംഘത്തിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. സന്തോഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി പിണങ്ങി വാടകവീട്ടിലാണ് താമസം. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, എസ്.എച്ച്.ഒ വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കാറുടമ കസ്റ്റഡിയിൽ
ഗുണ്ടാസംഘം ഉപയോഗിച്ച കാർ വയനകത്ത് റോഡുവക്കിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു. ഈ കാറിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
'ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞ് പറഞ്ഞതാണ്, പക്ഷേ ''...
'എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേയെന്ന് അവരോട് ഞാൻ അലറിക്കരഞ്ഞ് പറഞ്ഞതാണ്. എന്നിട്ടും എന്റെ മകനെ അവര് വെറുതെ വിട്ടില്ല''. കൊല്ലപ്പെട്ട സന്തോഷിന്റെ അമ്മ ഓമനയുടെ വാക്കുകളിൽ ഞെട്ടലും ഭയവും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.
വന്നവർ സന്തോഷ് ഉണ്ടോന്ന് ചോദിച്ചു. ഉണ്ടായിരുന്നല്ലോന്ന് ഞാൻ പറഞ്ഞു. ഉടനെ ഇരുമ്പ് പിടിയുള്ള മൺവെട്ടി ഒക്കെ വച്ച് കതക് അടിച്ച് തകർക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ മനസിലായതേ ഇല്ലേ. അതിനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. മുമ്പും മകനെതിരെ വധശ്രമം നടന്നിരുന്നു. ഇപ്പോ എന്റെ മോനെ അവർ വെട്ടികൊന്ന് കളഞ്ഞില്ലേ. വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ സന്തോഷിന്റെ അമ്മ പൊട്ടിക്കരഞ്ഞു. കരഞ്ഞുതളർന്ന അമ്മയെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ കൂടിനിന്നവർ കുഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |