തിരുവനന്തപുരം: കാട്ടാക്കട വീരണക്കാവ് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയകേസിലെ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട ആദിശേഖറിന്റെ മാതാപിതാക്കളായ അരുൺകുമാറിനും ദീപയ്കും നൽകണം. ആറാം അഡിഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്‌ണുവാണ് വിധി പ്രസ്താവിച്ചത്.
2023 ഏപ്രിൽ 19 ന് പുളിങ്കോട് ഭദ്രകാളി ക്ഷേത്ര മതിലിൽ മൂത്രം ഒഴിക്കുന്നത് ആദിശേഖർ ചോദ്യം ചെയ്തതിലെ പകയാണ് കൊലയ്ക്കിടയാക്കിയത്. മേയ് ഏഴിന് പാലും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആദി ശേഖറിനെ പ്രതി വഴിയിൽ തടഞ്ഞുനിറുത്തി കൈ പിടിച്ച് തിരിച്ചു. ഇത് അരുൺ കുമാറിന്റെ ഇളയമ്മ കണ്ടു. അവർ ഓടിയെത്തിപ്പോൾ പ്രതി കാറിൽ കയറി രക്ഷപ്പെട്ടു. ആഗസ്റ്റ് 30 ന് വൈകിട്ട് ഫുട്‌ബോൾ കളിച്ചശേഷം സൈക്കിളിൽ വീട്ടിലേക്ക് പോകാനൊരുങ്ങിയ ആദിശേഖറിനെ അവിടെ കാത്തുനിന്ന പ്രതി കാർ അമിത വേഗതയിൽ ഓടിച്ച് ഇടിച്ചിടുകയായിരുന്നു.
കൂട്ടുകാർ മറ്റൊരു കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാങ്കേതിക തകരാർ കാരണം സ്വയം നീങ്ങിയ കാറിന്റെ ബ്രേക്കിൽ ചവിട്ടിയപ്പോൾ അബദ്ധത്തിൽ ആക്‌സിലേറ്ററിൽ അമർന്നാണ് അപകടം സംഭവിച്ചതെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |