
കോഴിക്കോട്: നിപ രോഗിയെ പരിചരിച്ച് രോഗം ബാധിച്ച് ചലനമറ്റ ശരീരവുമായി രണ്ടുവർഷത്തോളമായി ചികിത്സയിലായിരുന്ന നഴ്‌സ് ആശുപത്രിവിട്ടു. മംഗളൂരു സ്വദേശി ടിറ്റോ തോമസാണ് ആശുപത്രി അധികൃതർ ഒരുക്കിയ കോഴിക്കോട്ടെ വാടക വീട്ടിലേക്ക് മാറിയത്. നിപ ബാധയെത്തുടർന്നുണ്ടായ മസ്‌തിഷ്‌ക ജ്വരമാണ് ടിറ്റോയെ ഈ അവസ്ഥയിൽ എത്തിച്ചത്.
മംഗളൂരിലെ മലയാളി കുടുംബാംഗമായ ടിറ്റോ നഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട് ഇഖ്ര ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് പനി ബാധിച്ചെത്തിയ മരുതോങ്കര സ്വദേശിയെ ടിറ്റോ പരിചരിച്ചത്. മരണശേഷം രോഗിക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ ടിറ്റോയും രോഗബാധിതനായി. നിപ കാരണമുണ്ടായ ലേറ്റന്റ് എൻസഫലൈറ്റിസ് ടിറ്റോയെ പിടികൂടിയതോടെ 2023 ഡിസംബർ രണ്ടിന് കോമയിലായി. രണ്ട് വർഷത്തോളം ഇഖ്ര ആശുപത്രിയിലായിരുന്നു ടിറ്റോയുടെ ജീവിതം. കൂലിപ്പണി ഉപേക്ഷിച്ച് അച്ഛനും അമ്മയും ചേട്ടനും ഒപ്പം നിന്നു.
ചികിത്സയ്‌ക്കായി ഇതുവരെ 80 ലക്ഷത്തിലധികം രൂപ ആശുപത്രി അധികൃതർ ചെലവഴിച്ചു. ഒടുവിൽ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അടുത്തുള്ള വാടക വീട്ടിലേക്ക് ടിറ്റോയെ മാറ്റിയത്. ആശുപത്രി ജീവനക്കാരും ഇവർക്ക് സഹായത്തിനായുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 ലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചിരുന്നു. ട്രെയിൻഡ് നഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ടിറ്റോയ്‌ക്ക് സഹായം നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |