തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസീൽദാർ എ പവിത്രനെ സസ്‌പെന്റ് ചെയ്തു. 'പവി ആനന്ദാശ്രമം' എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ആക്ഷേപകരമായ പോസ്റ്റിട്ടത്. അശ്ലീലം നിറഞ്ഞതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. കേരളസർക്കാരിൽ നിന്ന് ലീവെടുത്ത് വിദേശത്ത് പോയതുകൊണ്ടാണ് രഞ്ജിതയ്ക്ക് അപകടം ഉണ്ടായതെന്നാണ് പോസ്റ്റിൽ പവിത്രൻ പറഞ്ഞിരുന്നത്. രഞ്ജിതയുടെ ചിത്രത്തിന് താഴെ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നും കമന്റായി രേഖപ്പെടുത്തിയിരുന്നു.
വിവാദമായതോടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്തു. എങ്കിലും ഇതിനിടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തേ മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ സോഷ്യൽമീഡിൽ പോസ്റ്റിട്ടത്തിന് പവിത്രനെതിരെ നടപടിയെടുത്തിരുന്നു.
നാട്ടിൽ മടങ്ങിയെത്തി ആരോഗ്യവകുപ്പിൽ ലഭിച്ച ജോലി തുടരാനിരിക്കെയാണ് രഞ്ജിത ജി. നായർ (40)വിമാനദുരന്തത്തിന് ഇരയായത്. യു.കെയിൽ നഴ്സായ പത്തനംതിട്ട പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത 10 വർഷം മുമ്പ് ഒമാനിൽ നഴ്സായിരുന്നു. അവിടെനിന്ന് നാട്ടിലെത്തി പി.എസ്.സി പരീക്ഷയെഴുതി. ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ലഭിച്ചു. പത്തനംതിട്ട ജില്ല ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് അഞ്ചു വർഷത്തെ അവധിയെടുത്ത് ഒമാനിലേക്ക് മടങ്ങി.
ഒരു വർഷം മുമ്പ് മസ്കറ്റ് എസ്.ക്യു.എച്ച് ഹോസ്പിറ്റലിലെത്തി. അവിടെ നിന്നു മാറി യു.കെയിലെത്തി. സെപ്തംബറോടെ മടങ്ങിയെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. അതിനാവശ്യമായ രേഖകൾ നൽകാനാണ് ശനിയാഴ്ച നാട്ടിലെത്തിയത്. ബുധനാഴ്ച തിരികെ യു.കെയിലേക്ക് പോകാൻ കൊച്ചിയിൽ നിന്നാണ് വിമാനം കയറിയത്. ചെന്നൈ - അഹമ്മദാബാദ് വഴിയായിരുന്നു യു.കെയിലേക്കുള്ള യാത്ര. കുടുംബ വീടിനോട് ചേർന്ന് പുതുതായി പണിയുന്ന വീടിന്റെ പൂർത്തീകരണവും രഞ്ജിതയുടെ സ്വപ്നമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |