ഡാർക്ക്നെറ്റ് വഴി ഇടപാടുകൾ നടത്തിയാൽ ഏതു രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മയക്കുമരുന്നുകളും ലഭ്യമാക്കുന്ന വൻസംഘങ്ങളുടെ ശൃംഖല ഇന്ത്യയിലുൾപ്പെടെ സജീവമാണ്. വ്യക്തിവിവരങ്ങൾ മറച്ചുവച്ചാണ് പ്രവർത്തിക്കുന്നത്. ഇടപാടുകൾക്ക് കോഡ് ഭാഷ ഉപയോഗിക്കും. ഇവരിലേക്ക് എത്തപ്പെടാൻ കഠിനപരിശ്രമം വേണ്ടിവരുമെന്ന് എൻ.സി.ബി അധികൃതർ പറയുന്നു. ഡൽഹിയിലെ എൻ.ബി.സി ആസ്ഥാനത്തെ പ്രത്യേകദൗത്യസംഘമാണ് ഡാർക്ക്നെറ്റുകൾ നിരീക്ഷിക്കുന്നത്.
മൂവാറ്റുപുഴ സ്വദേശികളായ എഡിസൺ, അരുൺ തോമസ് എന്നിവർക്ക് പുറമെ ഡൽഹി, കർണാടക എന്നിവിടങ്ങളിൽനിന്ന് എട്ടുപേരെ രണ്ടാഴ്‌ച മുമ്പ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റു ചെയ്‌തിരുന്നു. നാലു ഭൂഖണ്ഡങ്ങളിലായി 10 രാജ്യങ്ങളിൽ വ്യാപിച്ചുകിടന്ന ശൃംഖലയാണ് കണ്ടെത്തിയത്.
എഡിസന്റെ കെറ്റാമെലോൺ പോലെയുള്ള ശൃംഖലകളെക്കുറിച്ച് സൂചനകൾ ലഭിച്ചാലും കൈകാര്യം ചെയ്യുന്നവരെ തിരിച്ചറിയുക ശ്രമകരമാണ്. നാലുമാസം നീണ്ട ശ്രമത്തിനൊടുവിലാണ് കെറ്റാമെലോണിന് പിന്നിൽ എഡിസണാണെന്ന് കണ്ടെത്തിയത്.
പ്രത്യേകചികിത്സകൾക്ക് ഉപയോഗിക്കുന്നതും ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രം വാങ്ങാൻ കഴിയുന്നതുമായ മരുന്നുകളുണ്ട്. രോഗം ഇല്ലാത്തവർ ഉപയോഗിച്ചാൽ മയക്കുമരുന്നിന്റെ ഫലം നൽകും. ഇത്തരം മരുന്ന് വിദേശത്തേക്ക് അയയ്‌ക്കുന്ന സംഘങ്ങളും ഇന്ത്യയിലുണ്ട്. വിദേശത്തു നിന്ന് കെറ്റാമൈൻ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, എം.ഡി.എം.എ, കൊക്കെയ്‌ൻ തുടങ്ങിയ മാരകമയക്കുമരുന്നുകളാണ് ഇന്ത്യയിലെത്തിക്കുന്നത്.
ഓപ്പറേഷൻ മെഡ് മാക്‌സ്
തുറന്നു കാട്ടി
ന്യൂഡൽഹിയിലെ ബംഗാളി മാർക്കറ്റിൽ വാഹനപരിശോധനയിൽ ലഭിച്ച സൂചന പിന്തുടർന്ന് എൻ.സി.ബി ആരംഭിച്ച 'ഓപ്പറേഷൻ മാക്‌സി"ലാണ് ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ വേരുള്ള ശൃംഖല കുടങ്ങിയത്. മേയ് 25ന് ബി.ഫാം ബിരുദധാരികളായ രണ്ടുപേരിൽനിന്ന് 3.7 കിലോഗ്രാം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതിലാണ് തുടക്കം.
പ്രമുഖ ഇന്ത്യൻ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമിലെ വിപണന അക്കൗണ്ട് ഇവർ ഉപയോഗിച്ചത് കണ്ടെത്തി. ഇവർക്ക് ബന്ധമുള്ള റൂർക്കിയിലെ മരുന്ന് മൊത്തവ്യാപാരി, മയൂർ വിഹാറിലെ സഹായി എന്നിവരും അറസ്റ്റിലായി. മരുന്ന് വ്യാപാരിയുമായി ബന്ധമുള്ള കർണാടകത്തിലെ ഉഡുപ്പി സ്വദേശിയും പിടിയിലായി. അമേരിക്ക, ഓസ്ട്രേലിയ, എസ്റ്റോണിയ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലേക്ക് കടത്താൻ സൂക്ഷിച്ച മരുന്നുശേഖരവും പിടികൂടി.
സംഘം ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയിൽ ലഭിച്ച വിവരങ്ങൾ പ്രകാരം ന്യൂഡൽഹി, ജയ്‌പൂർ സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റിലായി. മുഖ്യസൂത്രധാരൻ യു.എ.ഇയിലാണെന്നും എൻ.സി.ബി കണ്ടെത്തി.
ഡാർക്ക്നെറ്റിൽ ഔഷധവില്പനയുടെ മറവിലാണ് സംഘം മയക്കുമരുന്ന് ഇടപാട് നടത്തിയത്. ഉഡുപ്പിയിൽ 10 ജീവനക്കാരുള്ള കോൾ സെന്റർ പ്രവർത്തിച്ചിരുന്നു. ഓർഡറുകൾ ഉറപ്പിച്ചാൽ ക്രിപ്‌റ്റോ കറൻസിയിൽ മുൻകൂർ പണമിടപാട് നടത്തും. 10 മുതൽ 15 ശതമാനം വരെ കമ്മിഷൻ എടുത്തശേഷം വിതരണക്കാർക്ക് കൈമാറും. വിതരണക്കാർ 10 ശതമാനം വിഹിതം എടുത്തശേഷമാണ് മയക്കുമരുന്ന് നിർമ്മാതാക്കൾക്ക് ഓർഡർ നൽകുക. പാഴ്സലുകളും കൊറിയറും വഴിയാണ് കടത്തിയിരുന്നത്.
ഡാർക്ക്നെറ്റും ക്രിപ്‌റ്റോ കറൻസികളും ഉപയോഗിക്കുന്ന ഇത്തരം മയക്കുമരുന്ന് ശൃംഖലകൾ കണ്ടെത്താൻ എൻ.ബി.സിക്ക് പുറമെ, റവന്യൂ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് (ഡി.ആർ.ഐ) ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ഏകോപിത നിരീക്ഷണവും നടത്തുന്നുണ്ട്.
(നാളെ: ഡാർക്ക്നെറ്റിലെ ഇന്ത്യൻ സാന്നിദ്ധ്യം ആശങ്ക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |