കൊല്ലം: മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജൻ (93) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജന്മനാടായ പരവൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെ ഇന്ന് വൈകിട്ട് 4ന് സംസ്കാരം നടക്കും.
ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞമാസം 30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ചൊവ്വാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലായിരുന്നു.
ഭൗതികദേഹം ഇന്നലെ രാത്രി എട്ടോടെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വസന്ത വിഹാറിലെത്തിച്ചു. ഇന്നുച്ചവരെ അവിടെ പൊതുദർശനം. അര നൂറ്റാണ്ടിലധികം അദ്ദേഹം പ്രസിഡന്റായിരുന്ന കൊല്ലം സഹകരണ അർബൻ ബാങ്കിൽ ഉച്ചയ്ക്ക് ഒന്നോടെ പൊതുദർശനമുണ്ടാകും. അവിടെനിന്ന് ഡി.സി.സി ഓഫീസിലേക്ക് കൊണ്ടുവരും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അവിടെനിന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപ യാത്രയായി മൃതദേഹം പരവൂരിലെ കുടുംബ വീട്ടിലെത്തിക്കും. തുടർന്നാണ് സംസ്കാര ചടങ്ങുകൾ.
1982ൽ ആദ്യമായി ചാത്തന്നൂർ എം.എൽ.എയായ അദ്ദേഹം അന്നത്തെ കെ.കരുണാകരൻ മന്ത്രിസഭയിൽ സാമൂഹ്യക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രിയായി. 1983ൽ കെ.പി.സി.സി പ്രസിഡന്റായതോടെ മന്ത്രിസ്ഥാനം രാജിവച്ചു. 87വരെ കെ.പി.സി.സി പ്രസിഡന്റായി തുടർന്നു. 1991ലെ കെ.കരുണാകരൻ മന്ത്രിസഭയിൽ ആദ്യം വൈദ്യുതി, കയർ വകുപ്പുകളും പിന്നീട് ധനവകുപ്പും കൈകാര്യം ചെയ്തു. 95 മുതൽ 96 വരെയുള്ള എ.കെ.ആന്റണി മന്ത്രിസഭയിലും ധന, കയർ, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോഴാണ് ആക്ടിംഗ് മുഖ്യമന്ത്രിയായത്.
എഴിയത്ത് കെ.വേലുവൈദ്യന്റെയും കുന്നത്ത് കെ.എം.തങ്കമ്മയുടെയും സീമന്തപുത്രനായി 1931 ജൂലായ് 22ന് പരവൂരിലായിരുന്നു ജനനം. അഡ്വ. വസന്തകുമാരിയാണ് ഭാര്യ. മക്കൾ: സജി പത്മരാജൻ, അനി പത്മരാജൻ (ഇരുവരും എൻജിനിയർ). മരുമകൾ: സ്മിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |