തിരുവനന്തപുരം: ഹോട്ടലുടമയെയും ജീവനക്കാരനെയും പീച്ചി പൊലീസ് അകാരണമായി മർദ്ദിച്ച സംഭവത്തിൽ എസ്ഐ പിഎം രതീഷിന് സസ്‌പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച് ഒ ആയ രതീഷിന് ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം നൽകിയിരുന്നു. രതീഷ് കുറ്റക്കാരനാണെന്ന തൃശൂർ അഡീഷണൽ എസ്പിയുടെ റിപ്പോർട്ട് ഒന്നരവർഷം പൂഴ്ത്തിവയ്ക്കുകയായിരുന്നു.
2023 മേയ് 24-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പട്ടിക്കാട് ലാലീസ് ഹോട്ടലുടമ കെ പി ഔസേപ്പിനേയും മകനേയും ഹോട്ടൽ ജീവനക്കാരനെയുമാണ് എസ്ഐ മർദ്ദിച്ചത്. പാലക്കാട് വണ്ടാഴി സ്വദേശി ദിനേശും ബന്ധുവും നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു മർദ്ദനം. ഹോട്ടലിലെ ബിരിയാണിയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പരാതിയായി സ്റ്റേഷനിലെത്തിയത്.
എന്നാൽ ഇതിനിടയിൽ ഹോട്ടൽ ജീവനക്കാർ പരാതിക്കാരെ തടഞ്ഞുവയ്ക്കുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നു.സംഭവത്തില്‍ പരാതി നല്‍കാന്‍ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനിടെ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായതായും ഔസേപ്പ് ആരോപിച്ചിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഔസേപ്പിന് കസ്റ്റഡി മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
ഇതിനിടയിൽ രതീഷ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. തൃശൂർ അഡീഷണൽ എസ്പിയായിരുന്ന ശശിധരൻ കഴിഞ്ഞ വർഷം തന്നെ രതീഷിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ഐജി കെ സേതുരാമന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു നടപടിയും എടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |