കൊല്ലം: രാജ്യത്തെ പൊലീസ് സേനയ്ക്ക് മാതൃകയായ കേരള പൊലീസിലെ ചിലരുടെ പ്രവൃത്തിദോഷം സർക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുത്തുന്നുണ്ടെന്നും ഇത്തരക്കാരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കൊല്ലം റൂറൽ പൊലീസ് ആസ്ഥാന മന്ദിരം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേനയ്ക്കു ചേരാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല. പൊലീസ് ജനസേവന സേനയാണ്. തന്നേക്കാൾ പ്രാധാന്യത്തോടെ, മുന്നിലെത്തുന്ന പൊതുജനങ്ങളെ ശ്രദ്ധിക്കണം. മൂന്നാംമുറ ഉൾപ്പെടെയുള്ള പ്രവണതകൾ ഒഴിവാക്കാൻ 520 പൊലീസ് സ്റ്റേഷനുകളിൽ സി.സി ടി.വി കാമറകൾ ഉടൻ സ്ഥാപിക്കും. ലോക്കപ്പും പരാതി സ്വീകരിക്കുന്ന മുറിയും ഓഫീസർമാരുടെ മുറികളുമടക്കം കാമറ നിരീക്ഷണത്തിലാകും. ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ ഇവ നിരീക്ഷിക്കും. 18 മാസം ദൃശ്യങ്ങൾ സൂക്ഷിക്കും. നാടിനെ നവകേരളമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.ജി.പി അനിൽകാന്ത്, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, എ.ഡി.ജി.പിമാരായ കെ.പത്മകുമാർ, എം.ആർ.അജിത്ത് കുമാർ, ഐ.ജി പി.പ്രകാശ്, ഡി.ഐ.ജി ആർ.നിശാന്തിനി, റൂറൽ എസ്.പി കെ.ബി.രവി, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, പി.ഐഷാപോറ്റി എന്നിവർ സംസാരിച്ചു.
വിവിധ ഇടങ്ങളിൽ ഓൺലൈൻ ഉദ്ഘാടനം
ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിർമ്മിച്ച ജില്ല പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂം മന്ദിരത്തിന്റെയും ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ പൊലീസ് കേന്ദ്രത്തിന്റെയും ഉദ്ഘാടനവും അച്ചൻകോവിൽ, വയനാട് ജില്ലയിലെ പനമരം പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, എറണാകുളം റൂറലിലെ നോർത്ത് പരവൂർ, ചെങ്ങമനാട്, മുളന്തുരുത്തി, ഊന്നുകല്ല് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങൾ, വയനാട്ടിലെ പൊലീസ് കൺട്രോൾ റൂം, കോട്ടയത്തെ റിപ്പീറ്റർ സ്റ്റേഷൻ, പള്ളിക്കത്തോട് സ്റ്റേഷനിലെ അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ ഉദ്ഘാടനവും കോട്ടയം ചങ്ങനാശേരി സബ് ഡിവിഷൻ, കാസർകോട് ബേക്കൽ സബ് ഡിവിഷൻ, മേൽപ്പറമ്പ്, സൈബർ ക്രൈം, വനിത പൊലീസ് സ്റ്റേഷനുകൾ, തൃശൂർ സിറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കണ്ണൂർ കണ്ണവം സ്റ്റേഷൻ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ വനിത സെൽ എന്നിവയുടെ കെട്ടിട ശിലാസ്ഥാപനവും ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |