കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി. സമൂഹത്തിലെ ഒരു സുപ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാദ്ധ്യത സർക്കാരിനില്ലേ എന്നും കോടതി ആരാഞ്ഞു. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച ഹൈക്കോടതി പ്രത്യേക ബെഞ്ച് ആറ് ഹർജികളാണ് പരിഗണിച്ചത്.
ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ കേട്ടത്. സിബിഐ അന്വേഷണത്തിന് വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, റിപ്പോർട്ടിലെ പേരുകൾ പുറത്തുവരരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി, റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹർജിയിൽ കക്ഷി ചേരാൻ നടി രഞ്ജിനി അനുമതി തേടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ട് നാലുവർഷമായിട്ടും സർക്കാർ എന്ത് നടപടിയെടുത്തു എന്നാണ് കോടതി തുടരെ തുടരെ ചോദിച്ചത്. രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് എത്രയും വേഗം റിപ്പോർട്ടിന്റെ പൂർണരൂപം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറണം. അവർ അന്വേഷിച്ച് നടപടിയെടുത്ത ശേഷമേ ഇക്കാര്യത്തിൽ മുന്നോട്ടുപോകൂ എന്നും ഓഡിയോ ക്ലിപ്പുകൾ ഉണ്ടെങ്കിൽ അതും റിപ്പോർട്ടിനൊപ്പം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കേരളത്തിൽ സ്‌ത്രീകളെന്ന് പറയുന്നത് ഭൂരിപക്ഷമാണ് അല്ലാതെ ന്യൂനപക്ഷമല്ല. കൃത്യമായ നടപടിയുണ്ടാകണം. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല, കേരളത്തിലെ ഭൂരിപക്ഷമുള്ള സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നമാണ്. റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കണം. നടപടികളിൽ തിടുക്കം പാടില്ലെന്ന് നിർദേശിച്ച കോടതി എഫ്‌ഐആർ വേണോ എന്ന് റിപ്പോർട്ട് പരിശോധിച്ച് മാത്രം തീരുമാനിക്കണമെന്നും അഭിപ്രായപ്പെട്ടു.
റിപ്പോർട്ടിൽ ബലാത്സംഗം, പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള വസ്‌തുതയുണ്ട്. എന്നിട്ടും കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ പറയുന്നില്ലെന്നായിരുന്നു സർക്കാർ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |