ആദ്യമൊരു ഉശിരൻ സല്യൂട്ട്, പിന്നെ മൊഴിയെടുപ്പെന്ന ഓമനപ്പേരിൽ നാട്ടുവിശേഷം പറയൽ!- സംസ്ഥാനമാകെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ ചോദ്യംചെയ്യാൻ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ എത്തുന്ന രംഗം പൊലീസിലെ സരസൻ വിവരിച്ചതിങ്ങനെ. ഭരണപക്ഷ എം.എൽ.എയായ പി.വി. അൻവർ ഉന്നയിച്ച സ്വർണം പൊട്ടിക്കൽ, ആളെക്കൊല്ലിക്കൽ, മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ, കോടികളുടെ കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണസംഘത്തിലെ നാലുപേരും എ.ഡി.ജി.പി അജിത്തിന്റെ കീഴുദ്യോഗസ്ഥരാണ്. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ സംഘം എന്നാണ് സർക്കാർ മേനിപറയുന്നതെങ്കിലും അദ്ദേഹത്തിന് മേൽനോട്ടം മാത്രമാണുള്ളത്. സേനയുടെ തലവനായ അദ്ദേഹം ഭരണപരമായ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. സാധാരണഗതിയിൽ അന്വേഷണത്തിന് ഇറങ്ങാറില്ല.
ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായ ജി. സ്പർജ്ജൻകുമാറിനാണ് അന്വേഷണ നേതൃത്വം. അദ്ദേഹവും സംഘത്തിലുള്ള തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസും അജിത്കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടവരാണ്. എസ്.പിമാരായ എ. ഷാനവാസ്, എസ്. മധുസൂദനൻ എന്നിവരുടെയും കൈയിലൊതുങ്ങുന്നതല്ല അജിത്തിനെതിരായ അന്വേഷണം. എ.ഡി.ജി.പിയുടെ മൊഴിയെടുത്ത് ആരോപണങ്ങളെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാൻ നിലവിലെ സംഘത്തിനു കഴിയില്ലെന്ന് ചുരുക്കം!
മേലുദ്യോഗസ്ഥനെ ചോദ്യംചെയ്യാനോ മൊഴിയെടുക്കാനോ തെളിവെടുക്കാനോ ഇവർക്കാവില്ല. ഐ.ജിയുടെയും ഡി.ഐ.ജിയുടെയും വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്നതു പോലും എ.ഡി.ജി.പിയാണ്. അതിനാൽ എ.ഡി.ജി.പിക്കെതിരേ ഒരക്ഷരം അന്വേഷണ റിപ്പോർട്ടിലെഴുതാൻ ഇവർക്കു കഴിയില്ല. പി.വി. അൻവറിന്റെ മൊഴിയെടുത്ത് അത് എ.ഡി.ജി.പിക്കു നൽകി, അദ്ദേഹത്തിൽ നിന്ന് മറുപടി എഴുതി വാങ്ങി ക്ലീൻചിറ്റ് സർക്കാരിന് സമർപ്പിക്കുകയാവും അന്വേഷണസംഘത്തിനു മുന്നിലെ ഏകവഴി. അന്വേഷണം തീരുംവരെ ഐ.ജിയും ഡി.ഐ.ജിയും തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നും ഡി.ജി.പിയെ നിത്യേന കാര്യങ്ങൾ അറിയിക്കാനും അജിത്കുമാർ കത്ത് നൽകിയിരിക്കുകയാണ് ഇപ്പോൾ. എന്തായാലും അന്വേഷണത്തിന്റെ ഗതിയും ഫലവും എന്താവുമെന്ന് ആർക്കും ഒരു സംശയവും വേണ്ട.
സാറേ, ഞാനാണേ കൂടെയുണ്ടാവണം
ആരോപണങ്ങൾ തുരുതുരാ വരുന്ന സമയത്ത് ഒരു ഐ.പി.എസുകാരൻ പ്രധാന രാഷ്ട്രീയ നേതാക്കളെയെല്ലാം ഫോണിൽ വിളിച്ചു. ''സാറേ ഞാനാണേ, കൂടെയുണ്ടാവണം."" ഇതാണ് എല്ലാവരോടും പറഞ്ഞത്. ആരോപണങ്ങളെല്ലാം പുകമറയാണെന്നും മൂന്നുപതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരു പ്രശ്നവുമുണ്ടാക്കിയില്ലെന്നുമൊക്കെ തട്ടിവിടും. ഈ ഫോൺവിളിക്ക് കോൺഗ്രസ്, ബി.ജെ.പി, സി.പി.എം എന്നിങ്ങനെ രാഷ്ട്രീയഭേദമില്ല. രാഷ്ട്രീയക്കാർ കൂട്ടത്തോടെ തനിക്കെതിരേ തിരിയുന്നതിന് തടയിടുകയായിരുന്നു ഫോൺവിളിയുടെ ലക്ഷ്യം. മുൻമന്ത്രിമാരെയും നേതാക്കളെയുമെല്ലാം ഏമാൻ വിളിച്ചു. പക്ഷേ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രം ഈ ഉദ്യോഗസ്ഥനോട് ഫോണിൽ സംസാരിക്കാൻ തയ്യാറായില്ല.
മുഖ്യമന്ത്രി എന്ന 'സി.എം അങ്കിൾ"
കേരളാ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് മുഖ്യമന്ത്രിയെ സ്വകാര്യമായി 'അങ്കിൾ" എന്നു വിളിക്കുന്നത്. രാഷ്ട്രീയ നേതാവിന്റെ മകനായ അദ്ദേഹം കുട്ടിക്കാലം മുതൽ അങ്ങനെ വിളിക്കുന്നതാണ്. ഔദ്യോഗികമായി 'അങ്കിൾ" വിളിയില്ല. എന്നാൽ എസ്.പി റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥർ അവരുടെ സത്കാര സദസുകളിൽ പറയുന്നത് തങ്ങളെല്ലാം മുഖ്യമന്ത്രിയെ 'അങ്കിൾ" എന്നാണ് വിളിക്കുന്നതെന്നാണ്. പൊതുപ്രവർത്തകരെ പൊലീസുദ്യോഗസ്ഥർ ബഹുമാനിക്കുന്നില്ലെന്നും, അങ്ങനെയൊരു സംസ്കാരം വളർത്തിയെടുത്തത് എ.ഡി.ജി.പിയാണെന്നുമാണ് പി.വി. അൻവർ തുറന്നടിച്ചത്.
തലസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഓഫീസിലേക്കോ മറ്റോ പോകാൻ കാറിൽ കയറിയാൽ ഗവർണറും മുഖ്യമന്ത്രിയുമൊക്കെ പോകുന്നതു പോലെ റോഡ് പൂർണമായി അടച്ചിടും. ഏമാന്റെ വീട്ടിൽ നിന്ന് പ്രധാന റോഡിലേക്കു കയറുന്ന വഴിയിൽ ആംബുലൻസ് പോലും കടത്തിവിടില്ല. സ്കൂൾബസുകൾ പോലും തടഞ്ഞിട്ട് ഏമാന് വഴിയൊരുക്കുന്നത് പതിവുകാഴ്ചയാണ്. ഗതികെട്ട നാട്ടുകാർ ഏമാൻ പുറത്തിറങ്ങും മുൻപ് യാത്രകൾ ക്രമീകരിക്കുകയാണ് ഇപ്പോൾ. നേരത്തേ ഒരു എ.ഡി.ജി.പി വീട്ടിൽ നിന്നിറങ്ങി ഓഫീസിലേക്കു പോകുന്ന പാതയിലെ എല്ലാ ട്രാഫിക് ലൈറ്റുകളും ഓഫാക്കുമായിരുന്നു. കാർ ബ്ലോക്കിൽപ്പെട്ടാൽ ട്രാഫിക് പൊലീസുകാർക്ക് തെറി ഉറപ്പ്.
ഏമാൻ ഉപദേശിച്ചു, എസ്.പി കുഴിയിൽ!
മലപ്പുറം എസ്.പിയായിരിക്കെ, മരംമുറിച്ചു കടത്തിയെന്ന പരാതി പി.വി. അൻവറിനോട് സംസാരിച്ച് പിൻവലിപ്പിക്കാൻ എസ്.പി സുജിത്ത്ദാസിനെ ഉപദേശിച്ചത് ഒരു സീനിയറാണ്. അൻവറിന്റെ പരാതിയിലാണ് പ്രധാനമായും അന്വേഷണമെന്നും, പരാതിയില്ലെങ്കിൽ ക്ലീൻചിറ്റ് ഉറപ്പാണെന്നുമായിരുന്നു ഉപദേശം. ഇതു കേട്ടാണ് അൻവറിനെ ഫോണിൽ വിളിച്ച് സുജിത്ത് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത്. കൗശലക്കാരനായ അൻവർ എ.ഡി.ജി.പിക്കെതിരായ വിവരങ്ങളടക്കം റെക്കാർഡ് ചെയ്ത് പുറത്തുവിട്ടു. ഈ സംഭാഷണം ഗുരുതര അച്ചടക്കലംഘനമാണെന്നു കണ്ടെത്തിയാണ് സുജിത്തിനെ സസ്പെൻഡ് ചെയ്തത്.
എ.ഡി.ജി.പി അജിത്ത്കുമാറിനും എസ്.പി സുജിത്ത് ദാസിനുമെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഒരുമാസത്തെ സമയമാണ് സർക്കാർ നൽകിയിട്ടുള്ളത്. എന്നാൽ നിയമനിർമ്മാണത്തിനായി ഒക്ടോബർ ആദ്യം നിയമസഭ സമ്മേളിക്കുന്നുണ്ട്. അന്വേഷണം വേഗത്തിൽ തീർത്താൽ അന്തിമ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ എം.എൽ.എമാർക്ക് ആവശ്യമുന്നയിക്കാം. അതിനാൽ അന്വേഷണം ഇഴച്ചുനീക്കി, ആറിത്തണുപ്പിക്കാനായിരിക്കും പൊലീസ് നേതൃത്വം ശ്രമിക്കുക. എസ്.പിയെ അത്രവേഗം രക്ഷിക്കാൻ കഴിയില്ലെങ്കിലും എ.ഡി.ജി.പിക്ക് ക്ലീൻചിറ്റായിരിക്കും അന്തിമമായി കിട്ടുക. ഇതിനിടെ പി.വി.അൻവറിനെക്കൂടി അനുനയിപ്പിക്കാനായാൽ എല്ലാം പഴയപടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |