SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, താങ്കൾ അടിയന്തരമായി ഇടപെട്ട് ആ വാർത്ത തടയണം; ഡബ്ല്യുസിസി

Increase Font Size Decrease Font Size Print Page
wcc

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വിമെൻ ഇൻ സിനിമാ കളക്‌ടീവ് അംഗങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സ്വകാര്യമായ മൊഴികൾ ഒരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ പരാതി നൽകിയിരിക്കുന്നത്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്ന് ഡബ്ല്യുസിസിപറയുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു.

കത്തിന്റെ പൂർണരൂപം-

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാദ്ധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ

ഡബ്ല്യു.സി.സി.

TAGS: WCC, PINARAYI VIJAYAN, HEMA COMMISSION REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY