തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടവരുടെ പ്രവേശനനടപടികൾ നാളെ രാവിലെ 10ന് ആരംഭിച്ച് ജൂൺ അഞ്ചിന് വൈകിട്ട് അഞ്ചിന് അവസാനിക്കും. പ്ലസ് വൺ പ്രവേശനത്തിന് 4.62 ലക്ഷം അപേക്ഷകരാണുള്ളത്.
പ്രവേശന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽനിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റുമായാണ് പ്രവേശനം നേടേണ്ടത്. ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഇവർക്ക് പിന്നീട് അവസരമില്ല.
താഴ്ന്നഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുകയും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ ഉയർന്ന ഓപ്ഷനിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നെങ്കിൽ താത്കാലികപ്രവേശനം നേടിയാൽ മതി. താത്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. മുഖ്യഅലോട്ട്‌മെന്റ് കഴിയുംവരെ ഇത്തരത്തിൽ താത്കാലിക അലോട്ട്‌മെന്റിൽ തുടരാം. താഴ്ന്നഓപ്ഷനിൽ ലഭിച്ച പ്രവേശനം സ്ഥിരപ്പെടുത്തേണ്ടവർക്ക് ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. ഇങ്ങനെ ഉയർന്ന ഓപ്ഷൻ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശനം നേടുന്ന ദിവസംതന്നെ സ്‌കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. അലോട്ട്‌മെന്റിൽ അറിയിക്കുന്ന ദിവസങ്ങളിൽ പ്രവേശനം നേടാത്തവർക്ക് പിന്നീട് അവസരമില്ല.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ആകെയുള്ള 4,42,012 സീറ്റുകളിൽ 3,16,000 എണ്ണമാണ് മെരിറ്റ് സീറ്റുകൾ. ബാക്കി കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട വിഭാഗങ്ങളാണ്. ആദ്യ അലോട്ട്‌മെന്റ് ഇന്ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, സ്‌പോർട്സ് ക്വാട്ട എന്നിവിടങ്ങളിലേക്കുള്ള അലോട്ട്‌മെന്റുകളും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 10നും മൂന്നാം അലോട്ട്‌മെന്റ് 16നും നടക്കും. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റ് പൂർത്തിയാക്കി 18ന് ക്ലാസുകൾ ആരംഭിക്കും.
സാമുദായികസംവരണം പരിശോധിക്കാൻ എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ മതിയാകും. അപേക്ഷയിൽ എസ്.എസ്.എൽ.സി ബുക്കിൽനിന്ന് വിഭിന്നമായ സമുദായമാണെങ്കിൽ റവന്യൂവകുപ്പിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എസ്.സി., എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾ റവന്യൂഅധികൃതർ നൽകിയിട്ടുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |