പ്ലസ് ടു ഫലം വന്നതോടെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകൾ കണ്ടെത്തുന്ന തിരക്കിലാണ്. ഡിസൈൻ, ഫാഷൻ ടെക്‌നോളജി, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. നേരത്തെ നടത്തിയ പ്രവേശന പരീക്ഷകളെ അടിസ്ഥാനമാക്കി, വിദ്യാർത്ഥികൾ പ്രവേശന പ്രക്രിയകൾ പിന്തുടരേണ്ടതുണ്ട്.
ജൂൺ മാസത്തിലാണ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ബിരുദ പ്രവേശനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് സ്കോർ അടിസ്ഥാനമാക്കിയുള്ള എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ഐ.ഐ.ടി, ജി.എഫ്.ടി.ഐ പ്രവേശനത്തിനുള്ള ജോസ സീറ്റ് അലോക്കേഷൻ ആദ്യ റൗണ്ട് ആരംഭിച്ചു. സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ജൂൺ രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഫാർമസി റാങ്ക് ലിസ്റ്റ് ഈ കാലയളവിൽ പ്രസിദ്ധീകരിക്കും. സി.യു.ഇ.ടി -യു.ജി പ്രവേശനത്തിനുള്ള കൗൺസലിംഗ് ജൂൺ അവസാനത്തോടെ ആരംഭിക്കും. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ഏക ജാലക അപേക്ഷ, പ്രവേശന നടപടികൾ ജൂണിൽ നടക്കും. പാരാമെഡിക്കൽ, നഴ്സിംഗ് പ്രവേശനവും ജൂണിൽ നടക്കും. നീറ്റ് യു. ജി റിസൾട്ട് ജൂൺ മൂന്നാം വാരത്തിൽ പ്രതീക്ഷിക്കുന്നു. ആർക്കിടെക്ച്ചർ പ്രവേശനത്തിനുള്ള NATA യ്ക്ക് ജൂൺ 24 വരെ രജിസ്റ്റർ ചെയ്യാം. സ്വകാര്യ, ഡീംഡ് സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.
CUET UG പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയുള്ള UG കോഴ്സുകൾക്കുള്ള പ്രവേശനം കൗൺസലിംഗ് പ്രക്രിയ വഴിയാണ്. റിസൾട്ട് വന്നശേഷം കോഴ്‌സുകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് സ്ഥാപനപരമായ കൗൺസിലിംഗിന് അപേക്ഷിക്കാം. ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകൾക്കുള്ള ഇന്ത്യയിലെ എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ഐ.ഐ.ടികൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി ജോസയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത ചോയ്സ് ഫില്ലിംഗ് നടത്തണം. രജിസ്ട്രേഷൻ ജൂൺ 12 വരെയാണ്. ആറു റൗണ്ട് കൗൺസലിംഗ് ജോസ വഴിയുണ്ടാകും.
ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി, മറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള CUSAT ലേക്കുള്ള കൗൺസിലിങ് ഉടൻ ആരംഭിക്കും.സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ, കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് പ്രോഗ്രാമുകളിലെ ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന KEAM എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലൂടെയാണ്.
എം.ബി.ബി.എസ്, ബി.ഡി.എസ്, അലൈഡ് ഹെൽത്ത്(AYUSH), അഗ്രികൾച്ചർ, വെറ്ററിനറി സയൻസസ്, ഫോറസ്ട്രി, ഫിഷറീസ്, മറ്റ് അഗ്രികൾച്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് യു.ജി 25 ഫലം ജൂൺ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും.ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും, ഹൈക്കോടതികളിലും കേസുകൾ നിലവിലുണ്ട്. നീറ്റ് റിസൾട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് കേരളത്തിൽ നീറ്റിന് കീഴിൽ പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ നീറ്റ് സ്‌കോറും റാങ്കും www cee kera.gov.in വഴി പ്രവേശന പരീക്ഷ കമ്മിഷണറുടെ വിജ്ഞാപനമനുസരിച്ച് അപ്‌ലോഡ് ചെയ്യണം. മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജ്യുക്കേഷനിൽ ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |