പാലക്കാട്: പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ (36) ആണ് മരിച്ചത്. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിൽ ഇന്ന് രാവിലെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയാണ്. നിലവിൽ ഷൊർണൂർ പരുത്തിപ്ര പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്‌പെക്‌ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടു പാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി മണിക്കൂറുകൾക്കകം കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന കാരാപ്പുഴ പതിനാറിൽചിറ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച നടന്ന ഓണാഘോഷ പരിപാടികളിൽ സജീവ സാന്നിദ്ധ്യമായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. 'മധുരിക്കും ഓർമ്മകളേ' എന്ന ഗാനവും ആലപിച്ചു. രാത്രി 9.30 ഓടെ മുട്ടമ്പലത്തെ പൊലീസ് ക്വാർട്ടേഴ്‌സിലേക്ക് മടങ്ങി. 10.45 ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരുവർഷം മുമ്പാണ് സതീഷ് ചന്ദ്രൻ കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിൽ എത്തിയത്. മൃതദേഹം ഗാന്ധിനഗർ , ഈസ്റ്റ് സ്‌റ്റേഷനുകളിലും പൊതുദർശനത്തിന് വച്ചു. ഭാര്യ : സബിത. മക്കൾ : അഭിനവ്, അഭിനന്ദ്, അശ്വന്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |