കൊച്ചി : കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്. യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൽഡിഎഫ് പ്രവർത്തകർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിൽ അനൂപ് ജേക്കബ് എംഎൽഎയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചതിലാണ് എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.
നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സി പി എമ്മുകാരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കൗൺസിലർ കല രാജു രംഗത്തെത്തിയിരുന്നു. തന്റെ കാല് വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും കല രാജു പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കൗൺസിലറുടെ ആരോപണം.
തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചു. വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ഏല്പിച്ചെന്നും കൗൺസിലർ ആരോപിച്ചു. തന്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് ഒരു സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയതായും കല രാജു പറഞ്ഞു. തട്ടിക്കൊണ്ടു പോയതിന് ശേഷം സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കല രാജു പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കവെയാണ് കൗൺസിലറെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |