കൊച്ചി: സർക്കാർ പദ്ധതികൾക്കായി 1.14കോടിയുടെ സ്റ്റീൽ കമ്പി വാങ്ങിയിട്ട് പണം നൽകിയില്ലെന്ന കേസിൽ പൊതു-സ്വകാര്യ മേഖലാ സ്ഥാപനമായ ഇൻഫ്രാസ്ട്രച്ചർ കേരള ലിമിറ്റഡി (ഇൻകെൽ)ന്റെ മേധാവികളെ പ്രതിചേർത്ത് പൊലീസ്. ഏറ്റുമാനൂരിലെ വെട്ടൂർ ക്യാപ്പിറ്റൽ ഉടമ സ്‌കറിയ സെബാസ്റ്റ്യന്റെ പരാതിയിൽ ഇൻകെൽ എം.ഡി ഡോ. കെ. ഇളങ്കോവൻ,ഡയറക്ടർമാരായ സി.വി. റപ്പായി,വർഗീസ് കുര്യൻ തുടങ്ങി 19 പേർക്കെതിരെയാണ് കേസ്. കളമശേരി പൊലീസ് കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസിൽ തട്ടിപ്പ്,വഞ്ചന,ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഇടപ്പള്ളി ആസ്ഥാനമായ സെഗ്യൂറോ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്,സെഗ്യൂറോ ഇൻകെൽ കൺസോർഷ്യം എൽ.എൽ.പി എന്നീ സ്ഥാപനങ്ങൾ 2009 മുതൽ 2019 കാലയളവിൽ പല തവണയായി 1,14,22,478രൂപയുടെ സ്റ്റീൽ കമ്പി വെട്ടൂർ ക്യാപിറ്റലിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയില്ലെന്നും ഇതിനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. സ്ഥാപനത്തിന് 11,17,64,679 രൂപ പലിശയടക്കം നൽകാനുണ്ട്.
ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ 65ശതമാനം ഓഹരികൾ 2017ലാണ് ഇൻകെൽ വാങ്ങിയത്. സർക്കാർ കരാറുകളുടെ തുക മാത്രമാണ് സ്ഥാപനത്തിന് ലഭിക്കാനുള്ളതെന്നാണ് ഇടപാട് സമയത്ത് പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ പ്രതിനിധി ഈ സ്ഥാപനത്തിൽ എം.ഡിയായതോടെ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പുകൾ കണ്ടെത്തിയത്. സ്റ്റീൽ കമ്പി ഇടപാടിന്റെ ബാദ്ധ്യത ഇൻകെലിൽ എത്തിയതും ഈ ഓഹരി ഇടപാടിലൂടെയാണെന്ന് ഇൻകെൽ മുൻ ഉദ്യോഗസ്ഥൻ 'കേരളകൗമുദി"യോട് പറഞ്ഞു.
വായ്പ അറിഞ്ഞില്ല
2017ൽ 13കോടിക്കാണ് ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ ഓഹരി ഇൻകെൽ വാങ്ങിയത്. 2018ൽ ഈ സ്ഥാപനം 40 കോടി ഒരു സ്വകാര്യ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇത് മറച്ചുവച്ചിരുന്നതായും 13കോടിയിൽ നിന്ന് പല ആവശ്യങ്ങൾക്കായി പണം പിൻവലിച്ചെന്ന് ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തി. അടുത്തിടെ ഈ സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചു.
2018ൽ ഇടപ്പള്ളി ആസ്ഥാനമായി പ്രവർത്തിച്ച കമ്പനിയിലെ തട്ടിപ്പുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്നെ പുറത്താക്കിയത്.
ഡോ. മുഹമ്മദ് സഗീർ,
മുൻ എം.ഡി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |