കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മൂന്ന് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അദ്ധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മൂന്ന് വിദ്യാർത്ഥികളും ഗാനമേളയ്ക്കെത്തിയ യുവാവുമാണ് കുസാറ്റ് ദുരന്തത്തിൽ മരിച്ചത്. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ആൽവിൻ വിദ്യാർത്ഥിയല്ല.
2023 നവംബർ 23നാണ് കൊച്ചിയെ നടുക്കിയ സംഭവം ഉണ്ടായത്. ടെക് ഫെസ്റ്റിവെലായ ദീക്ഷ്ണയിലെ ഗാനമേളക്കിടെ വിദ്യാർത്ഥികൾ സ്റ്റേജിലേക്ക് ഒന്നിച്ച് കയറിയതാണ് ദുരന്തത്തിന് കാരണമായത്. കുസാറ്റിൽ മെക്കാനിക്കൽ വിഭാഗം നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. 15ഓളം വിദ്യാർത്ഥികൾ തിക്കിലും തിരക്കിലും ബോധംകെട്ട് വീണിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |