തിരുവനന്തപുരം: 'അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയാണ്. സമീപത്തെ എല്ലാ ലൈറ്റുകളും അണച്ച് ഞങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു'....ഒരു കാലത്ത് മഞ്ഞിൽ കുതിർന്ന ഉത്സവപ്പറമ്പുകളിൽ പ്രതിദ്ധ്വനിച്ചിരുന്ന ഈ അനൗൺസ്മെന്റ് ക്രമേണ കുറഞ്ഞു. കൊവിഡ് കാലമായതോടെ തീർത്തും അപ്രത്യക്ഷമായ നാടകങ്ങൾ വീണ്ടും പുഷ്പിക്കുകയാണ്.
മണിക്കൂറുകൾ നീളുന്ന ബാലെ അല്പം പിന്നിലേക്കായി, മിമിക്സ്, ഗാനമേള എന്നിവയോടുള്ള മമതയും കുറഞ്ഞു. ഈ ഗ്യാപ്പാണ് നാടക സമിതികൾക്ക് ഊർജ്ജമായത്. സംസ്ഥാനത്തൊട്ടാകെ നൂറോളം നാടക സമിതകൾ സജീവമാണിപ്പോൾ. മുപ്പതോളം നാടകങ്ങൾ സൂപ്പർ ഹിറ്റാണ്. പതിറ്റാണ്ടുകളുടെ പെരുമയുള്ള കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, സംഗമിത്ര, വൈക്കം മാളവിക തുടങ്ങിയവയും മുൻനിരയിലുണ്ട്.. രാത്രി 7 മണിയോടെ തുടങ്ങി 10 മണിക്കുമുമ്പ് തിരശീല വീഴുന്ന നിലയിലാണ് ക്രമീകരമങ്ങൾ.
മുഖം ചുളിപ്പിക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങളില്ല, കേട്ടുമടുത്ത വളിപ്പുകളുമില്ല, നല്ല കോമഡിയും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ കോംബിനേഷനിലാണ് പുതിയ നാടകങ്ങൾ. അതിശയിപ്പിക്കുന്നതാണ് സെറ്റുകളും പ്രകാശവിന്യാസവും. കൊല്ലവും തിരുവനന്തപുരവുമായിരുന്നു മുമ്പ് സമിതികളുടെ പ്രധാന കേന്ദ്രങ്ങൾ. ഇപ്പോൾ മലബാർ മേഖലയാണ് ശക്തം. ഓണക്കാലം മുതൽ പുതിയ നാടകങ്ങൾ വേദിയിലെത്തും. ഡിസംബർ മുതൽ മേയ് പകുതി വരെയാണ് സീസൺ.
കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ...
കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ ചട്ടി എന്നു പറഞ്ഞപോലെയാണ് പുതിയ നാടകങ്ങളുടെ കാര്യം. 10 മുതൽ 12 ലക്ഷം വരെ വേണം നല്ലൊരു നാടകം ഇറക്കാൻ. 150 വേദികളെങ്കിലും കിട്ടിയാൽ മുടക്കുമുതലും നേരിയ ലാഭവും കിട്ടും. അതിൽ കൂടുതൽ വേദികൾ കിട്ടിയാൽ ബമ്പർ. പരമാവധി ചെലവ് ചുരുക്കി ഇറക്കുന്ന നാടകമെങ്കിൽ 100 വേദികളിൽ കളിച്ചാലും കൈപൊള്ളില്ല. അതിലും കുറഞ്ഞാൽ സമിതിയുടെ കാര്യം ദുരന്തനാടകമാവും. 35,000 മുതൽ 50,000 വരെയാണ് നാടകങ്ങളുടെ റേറ്റ്. അഭിനേതാക്കളുടെ എണ്ണം പരമാവധി എട്ടിലൊതുക്കും.
പ്രതിഫലം
നാടകകൃത്ത്......ഒരു ലക്ഷം വരെ
സംവിധായകൻ... 1.10 ലക്ഷം
മുഖ്യനടീനടന്മാർ.... 4000 രൂപവരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |