
കൊച്ചി: സിനിമാക്കാരും കുറേ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ദിലീപിനെതിരെയുണ്ടായതെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. ദിലീപിനെ ജയിലിൽ പോയി കണ്ടതിന് ശേഷം എന്റെ ആദ്യത്തെ പ്രതികരണവും അതായിരുന്നു. ഇപ്പോൾ ഒരു തെളിവുമില്ലാതെ ദിലീപിനെ വെറുതെവിട്ടു. ഇതിനൊക്കെ ആര് ഉത്തരം പറയും. അദ്ദേഹവും കുടുംബവും അനുഭവിച്ച ട്രോമയ്ക്ക് ആര് ഉത്തരം പറയുമെന്നും സുരേഷ്‌കുമാർ ചോദിച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഗൂഢാലോചന നടത്തിയ ആളെ പിടിച്ച് അകത്തിടുകയാണ് വേണ്ടത്. ഗൂഢാലോചനയ്ക്ക് ഒരു തെളിവെങ്കിലും ദിലീപിനെതിരെ നിരത്താൻ കഴിയുമോ? ഒന്നും നിരത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ പറയുന്നത് മുകളിലത്തെ കോടതിയിൽ പോകുമെന്നാണ്. അവർ പോയ്‌ക്കോട്ടെ. പക്ഷേ, ഏറ്റവും ഉന്നതങ്ങളിൽ നിന്ന താരത്തെ എന്തുമാത്രം ആക്രമിച്ചെന്ന് നമ്മൾ മനസിലാക്കണം. പൊലീസ് മാത്രമല്ല, പൊതുസമൂഹവും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഇതിനൊക്കെ ആര് ഉത്തരം പറയും. കോടിക്കണക്കിന് രൂപ മുടക്കേണ്ടിവന്നു. ഇതിനൊക്കെ പൊതുസമൂഹമാണ് ഉത്തരം പറയേണ്ടത്'- സുരേഷ് കുമാർ പറഞ്ഞു.
അതേസമയം, ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ഇവർക്കെതിരെ തെളിഞ്ഞു. ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവർക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഈ മാസം 12 വെള്ളിയാഴ്ചയാണ് ശിക്ഷാവിധി.
ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |