
കണ്ണൂർ: കെ- റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷവച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, പദ്ധതി പൂർണമായും ഉപേക്ഷിക്കുന്നുവെന്നല്ല അതിന് അർത്ഥം. മറ്റൊരു രൂപത്തിൽ നടപ്പാക്കാൻ ശ്രമിക്കും. റെയിൽ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണം. അനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ലഭിക്കാതിരുന്നതിന് പിന്നിൽ രാഷ്ട്രീയ നിലപാടുകളാണെന്നും കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. കേരളത്തിലെ ബഹുജനം യു.ഡി.എഫിനെ അംഗീകരിക്കുന്നില്ല. യു.ഡി.എഫിനൊപ്പമുള്ളവർ വൻതോതിൽ കൊഴിഞ്ഞു പോകുകയാണ്. പി.എം ശ്രീ നടപ്പായില്ലെങ്കിലും കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ഒന്നും സംഭവിക്കാനില്ല. രണ്ടായിരത്തോളം സ്‌കൂളുകൾ 5,000 കോടി ചെലവിട്ട് നവീകരിച്ചു.
പുതിയ വിദ്യാഭ്യാസ നയം ഏതു രീതിയിൽ വന്നാലും കേരളത്തിൽ നടപ്പാക്കില്ല. സിലബസ് തയ്യാറാക്കുന്നത് സംസ്ഥാനമാണ്. സർവശിക്ഷാ അഭിയാൻ ഫണ്ട് ലഭിക്കണമെന്നതിനാലാണ് പി.എം ശ്രീയുമായി സഹകരിക്കാൻ തീരുമാനിച്ചത്. ഫണ്ട് ലഭിക്കാതെ വന്നത് ശ്വാസം മുട്ടിക്കുന്ന അവസ്ഥയായി.
ശബരിമല സ്വർണക്കവർച്ച അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. അന്വേഷണ സമിതി പറ്റില്ലെന്ന് ആദ്യം പറഞ്ഞ യു.ഡി.എഫ് തന്നെ അന്വേഷണം മികച്ച രീതിയിലെന്ന് പറഞ്ഞു. പ്രതികൾക്കെതിരെ ആവശ്യമായ ഘട്ടത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കും.
'സംഘി ഷർട്ട്
തനിക്ക് ചേരില്ല'
വർഗീയ തീവ്രവാദ നിലപാടുള്ള ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നൽകാനുള്ള തത്രപ്പാടിലാണ് യു.ഡി.എഫ് നേതാക്കളെന്നും മുഖ്യമന്ത്രി. മുസ്ലിം ബഹുജനങ്ങളിൽ നിന്ന് വലിയതോതിൽ ഒറ്റപ്പെട്ടുപോയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. തന്നെയും പാർട്ടിയെയും സംഘപരിവാർ അനുകൂലികളാക്കാൻ യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുകയാണ്. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിൽക്കാൻ വോളന്റിയർമാരെ അയച്ചുകൊടുത്തുവെന്ന് പരസ്യമായി പ്രസംഗിച്ച നേതാവുണ്ട് കോൺഗ്രസിൽ. സംഘി ഷർട്ട് അവർക്കു മാത്രമേ ചേരൂ. തനിക്ക് ചേരില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |