
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം വിദേശ
ബന്ധം കണ്ടെത്തിയാൽ കേസിന്റെ തുടരന്വേഷണം സി.ബി.ഐയ്ക്ക് ഹൈക്കോടതി കൈമാറിയേക്കും. സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തി 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിലാണ് എസ്.ഐ.ടി അന്വേഷണം . പുരാവസ്തു മാഫിയയിലേക്കാണ് ആരോപണത്തിന്റെ മുന നീളുന്നത്.
ശ്രീകോവിലിലെ സ്വർണപ്പാളികൾ കടത്തിയ ശേഷം ചെമ്പിൽ പുതിയതുണ്ടാക്കി സ്വർണം പൂശി തിരികെ കൊണ്ടു വച്ചെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ഇത് സ്ഥിരീകരിക്കാൻ ഇപ്പോഴുള്ള സ്വർണപ്പാളികളുടെ കാലപ്പഴക്കം വി.എസ്.എസ്.സിയുടെ ലാബിൽ പരിശോധിക്കുകയാണ്. സ്വർണപ്പാളികൾ ഒറിജിനലാണോയെന്നതിൽ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ബെല്ലാരിയിലെ ജുവലറിയിൽ നിന്ന് കുറേ സ്വർണം പിടിച്ചെടുത്തിരുന്നു. പാളികളിൽ നിന്ന് കവർന്ന സ്വർണം തിരികെ നൽകി തലയൂരാനാണ് അപ്പോൾ പ്രതികൾ ശ്രമിച്ചത്. സ്വർണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര ബന്ധം ഹൈക്കോടതി സംശയിച്ചതോടെ അത്തരം നീക്കങ്ങളുണ്ടായില്ല.
ശ്രീകോവിലിന്റെ ഭാഗമായ സ്വർണപ്പാളികൾ കവർന്നതിൽ ഈജിപ്റ്റിലെ പുരാവസ്തു വ്യാപാരികളുമായുള്ള ബന്ധം വരെ ആരോപിക്കപ്പെട്ടു.വൻ വ്യവസായിക്ക് പാളികൾ വിറ്റതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചിട്ടുണ്ട്. റിമാൻഡിലുള്ള ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു എന്നിവരുടെ വിദേശ യാത്രകൾ ദുരൂഹമാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇരുവരും വിദേശ യാത്രകൾ നടത്തിയിരുന്നതായാണ് വിവരം.
ദൈവികാംശമുള്ള
സ്വർണത്തിന് കോടികൾ
വിഗ്രഹങ്ങളും ദൈവികാംശമുള്ള സ്വർണപ്പാളികളുമൊക്കെ മോഷ്ടിച്ചാൽ വിദേശത്ത് അവയുടെ വിലമതിക്കാനാവാത്ത 'ഡിവൈൻ വാല്യു' ഉപയോഗിച്ച് കോടികൾ നേടാം.
ഇന്ത്യയിൽ നിന്നുള്ള അപൂർവ വിഗ്രഹങ്ങളും ശിൽപങ്ങളും യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ പല ആർട് ഹൗസുകളിലും സ്വകാര്യ ശേഖരങ്ങളിലുമുണ്ട്.
സി.ബി.ഐ
വന്നാൽ
ഇന്റർപോളുമായി ചേർന്ന് വിദേശത്ത് അന്വേഷണം. പങ്കുള്ള രാഷ്ട്രീയക്കാരടക്കം വൻതോക്കുകൾ അകത്താവും. കള്ളപ്പണ, റിയൽ എസ്റ്രേറ്റ് ഇടപാടുകളും വെളിച്ചത്താവും.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖറും ഹിന്ദുഐക്യവേദിയുമടക്കം നൽകിയ ഹർജികൾ കോടതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |