തൃശൂർ: കാൽ നൂറ്റാണ്ട് മുമ്പ് ആധാരം രജിസ്റ്റർ ചെയ്തതിന്റെ യഥാർത്ഥ വില കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾക്ക് നോട്ടീസ്. തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
1998ൽ ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തവർ പലരും അതൊക്കെ വിറ്റിട്ട് വർഷങ്ങളായി. അന്ന് രജിസ്റ്റർ ചെയ്തതിന്റെ യഥാർത്ഥ വില കാണിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന നോട്ടീസ് കിട്ടിയവർ നെട്ടോട്ടമോടുന്നു. വൻ തുകയാണ് പലരും അടയ്ക്കേണ്ടത്. 25 വർഷം മുമ്പ് ഭൂമി രജിസ്റ്റർ ചെയ്തപ്പോൾ യഥാർത്ഥ വില കാണിക്കാത്തതിനാൽ മുദ്രവില ഇനത്തിലും ഫീസിനത്തിലും കുറവു കാണിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ചാണ് നോട്ടീസ്. സെറ്റിൽമെന്റ് നടത്തി തുക അടച്ചില്ലെങ്കിൽ മുഴുവൻ തുകയും അടയ്ക്കണം. അല്ലാത്തപക്ഷം റവന്യൂ റിക്കവറി നടത്തും. ഇതനുസരിച്ച് പലരും രജിസ്ട്രാർ ഓഫീസിലെത്തി സെറ്റിൽമെന്റ് നടത്തുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ പത്തിന് സർക്കാർ പ്രഖ്യാപിച്ച അണ്ടർഹവാല്യുവേഷൻ സെറ്റിൽമെന്റ് പദ്ധതി പ്രകാരം ജില്ലാ രജിസ്ട്രാർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ 60 ശതമാനം വരെയും, രജിസ്‌ട്രേഷൻ ഫീസിൽ 75 ശതമാനം വരെയും കിഴിവ് അനുവദിക്കാം. പത്ത് സെന്റ് ഭൂമി വാങ്ങിയവർക്ക് 14,400 രൂപയാണ് കുടിശിക. കൂടുതൽ ഭൂമി വാങ്ങിയവർക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക നോട്ടീസാണ് എത്തുന്നത്.
ഉദ്യോഗസ്ഥർക്കെതിരെയും
നടപടി വേണം
സർക്കാരിലേക്ക് ഈടാക്കാനുള്ള മുദ്രവിലയിൽ ഇളവുകൾ പ്രഖ്യാപിച്ച് 2024 നവംബർ 19ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് പുതിയ നോട്ടീസുകൾ അയയ്ക്കുന്നത്. സർക്കാർ സെറ്റിൽമെന്റ് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുന്നതിനാൽ നോട്ടീസ് കിട്ടി 15 ദിവസത്തിനകം ജില്ലാ രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ അന്വേഷിക്കാതെ ആധാരം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ഭൂവുടമകളുടെ തലയിൽ കെട്ടിവയ്ക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് നോട്ടീസ് കിട്ടിയവർ പറയുന്നത്. 25 വർഷം മുമ്പ്
ആധാരം ചെയ്ത ഭൂമിയുടെ പേരിൽ ഇപ്പോൾ നോട്ടീസ് അയയ്ക്കുന്നത് ന്യായമല്ല. അന്ന് വാങ്ങിയ ഭൂമിയൊക്കെ ഒട്ടു മിക്കവരും വിറ്റ് കഴിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഭൂമി രജിസ്റ്റർ ചെയ്തു തന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്നാണ് ഭൂവുടമകൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |