തിരുവനന്തപുരം: ആർഎസ്എസ് പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നേതൃയോഗത്തിൽ പരോക്ഷ വിമർശനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി രാജീവുമാണ് വിമർശിച്ചിരിക്കുന്നത്. വർഗീയ ശക്തികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തിലുളള പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നുമാണ് എളമരം കരീമും പി രാജീവും നിർദ്ദേശിച്ചത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയെക്കുറിച്ച് വിശദമായി പഠിക്കണമെന്നും യോഗത്തിൽ ധാരണയായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കണക്കുക്കൂട്ടൽ പിഴച്ചെന്നാണ് യോഗത്തിലെ വിലയിരുത്തൽ. പാർട്ടി വോട്ട് ചോർച്ചയിൽ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് യോഗത്തിലെ തീരുമാനം. എംവി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും താക്കീത് നൽകിയിരുന്നു.
അതേസമയം, അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസ് ബന്ധത്തെപ്പറ്റി താൻ നടത്തിയ പരാമർശം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ നിലപാട്. ഗുണം ചെയ്യാനോ, ദോഷം ചെയ്യാനോ അല്ല, ചരിത്രം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ജയം വർഗീയ ശക്തികളുടെ പിന്തുണയോടെ ലഭിച്ചതാണ്. ഇടതുപക്ഷം ജയിക്കാതിരിക്കാൻ യുഡിഎഫിന് ബിജെപി വോട്ട് ചെയ്തു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയും യുഡിഎഫിനായിരുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ യുഡിഎഫ് ഉപയോഗിച്ചു. വർഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ള പ്രചാരണം നടത്തിയുമാണ് യുഡിഎഫ് വോട്ട് പിടിച്ചത്.ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും.
യുഡിഎഫിന് 2021ലെ വോട്ട് ഇക്കുറി നിലനിറുത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. സർക്കാർ വിരുദ്ധ വികാരമില്ല. പിണറായിസം എന്നൊന്നില്ല.എൽഡിഎഫിന്റെ രാഷ്ട്രീയ അടിസ്ഥാനം ഭദ്രമാണ്. തുടർഭരണത്തിന് സാദ്ധ്യത ഇപ്പോഴുമുണ്ട്. ഇടതുമുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ'- ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |