തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. നൂനപക്ഷ - ഭൂരിപക്ഷ വർഗീയതയെ തരാതരം ഉപയോഗിക്കുന്നത് മതനിരപേക്ഷയ്‌ക്ക് ഭീഷണിയാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
എംവി ഗോവിന്ദന്റെ വാക്കുകൾ:
' ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് വിഡി സതീശൻ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമെല്ലാം പറയുന്നത്. ഇതിന് മുമ്പും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. പിന്നെ അപ്പോഴൊന്നും ജയിക്കാത്തവർ എന്തുകൊണ്ട് ഇപ്പോൾ ജയിച്ചു. എല്ലാ വർഗീയ ശക്തികളെയും മാറ്റിനിർത്തിക്കൊണ്ടാണ് നിലമ്പൂരിലെ മതനിരപേക്ഷ ജനത എൽഡിഎഫിന് വോട്ട് നൽകിയത്. 66,620 വോട്ട് അവർ നൽകി. ഇത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
ന്യൂനപക്ഷ - ഭൂരിപക്ഷ വർഗീയതയെ തരാതരം പോലെ ഉപയോഗിക്കുന്ന യുഡിഎഫിനെ ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫിന് ജനപിന്തുണ ലഭിച്ചു എന്ന വാദം അടിസ്ഥാനപരമായി തെറ്റാണ്. അവർക്ക് ലഭിച്ച പിന്തുണ കുറയുകയാണ് ചെയ്‌തത്. ജനങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അത് സത്യമല്ല. ജനങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് സർക്കാർ പോകുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ യുഡിഎഫിന് ഇതിനേക്കാൾ വോട്ടുകൾ ലഭിക്കുമായിരുന്നു.
ഞങ്ങൾക്ക് ലഭിച്ച വോട്ടുകൾ കുറഞ്ഞിട്ടില്ല. അത് നിലനിർത്താൻ സാധിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് പഠിച്ച് പരിശോധിക്കും. കഴിഞ്ഞ തവണ അൻവറിന് ലഭിച്ച വോട്ട് കൂടി ചേർത്തുകൊണ്ടാണ് ഇടതുപക്ഷം ജയിച്ചത്. ഇത്തവണ സ്വാഭാവികമായും അത് കുറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ രാഷ്‌ട്രീയ അടിത്തറ ശക്തമായിത്തന്നെ തുടരുന്നു എന്നാണ് ഇതിലൂടെ മനസിലാക്കാൻ സാധിച്ചത്. '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |