തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സെക്രട്ടറിക്കെതിരായ വിമർശനം പാർട്ടിക്കെതിരായ വിമർശനമാണെന്ന കാര്യം ഞങ്ങൾക്കറിവുള്ളതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറിയെ സംസ്ഥാന കമ്മിറ്റി വിമർശിച്ചു, മുഖ്യമന്ത്രി ശാസിച്ചു എന്നൊക്കെയുള്ള തെറ്റായ പ്രചാരണങ്ങളാണ് മാദ്ധ്യമങ്ങൾ നൽകുന്നത്. ഇങ്ങനെയുള്ള വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരിൽ തോൽവി സംഭവിച്ചെങ്കിലും എൽ.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ടു നിൽക്കുന്നു. രാഷ്ട്രീയ വോട്ട് വർദ്ധിപ്പിക്കാൻ ഉപതിരഞ്ഞെടുപ്പിൽ സാധിച്ചു. നിലമ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ ഒൻപതു വർഷം വലിയ വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഈ
വികസനത്തെ സ്വന്തം നേട്ടമായി പി.വി.അൻവർ പ്രചരിപ്പിച്ചു. ഇതാണ് വോട്ട് വർദ്ധനയ്ക്ക് കാരണമായത്. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നു മുസ്ലീംലീഗ് വർഗീയ പ്രചരണം നടത്തിയിട്ടും യു.ഡി.എഫിനു വോട്ടു കുറഞ്ഞു.. ബി.ജെ.പിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടു കിട്ടിയതുമില്ല. എസ്.ഡി.പി.ഐയുടെയും വോട്ടു കുറഞ്ഞു. ആ വോട്ടും യു.ഡി.എഫിന്റെ പെട്ടിയിലാണു വീണത്. ഇടതുമുന്നണിക്ക് ലഭിക്കേണ്ട വോട്ടുകളിലെ ചോർച്ച
പാർട്ടി പരിശോധിക്കും. തിരുത്തേണ്ടതു തിരുത്തും.
അൻവറിന്റെ സ്വാധീനം മനസിലാക്കിയില്ല
അൻവറിന്റെ സ്വാധീനം മനസിലാക്കാൻ സാധിക്കാത്തതു വലിയ വീഴ്ചയാണ്. എം.സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിനു വലിയ അംഗീകാരമാണു ലഭിച്ചത്. എന്നാൽ പ്രതിപക്ഷവും മറ്റു ചില വർഗീയ ശക്തികളും സ്വരാജിനെതിരെ പ്രവർത്തിച്ചു. സ്വരാജിനുള്ള വായനയും അറിവും ഇത്തരക്കാർക്ക് എതിർപ്പിനു കാരണമായി. സ്വരാജിനെ വ്യക്തിപരമായി വരെ ആക്രമിച്ചു. ചില ബുദ്ധിജീവികളും നേതാക്കളും എടുത്ത നിലപാട് വിചിത്രമാണ്. വർഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടും യു.ഡി.എഫിന്റെ വോട്ടു കുറഞ്ഞതു ഭരണവിരുദ്ധ
വികാരമില്ലെന്നതിന്റെ തെളിവാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |