മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എസ് അരുൺ കുമാർ. ചെഗുവേര ഫിഡല്‍ കാസ്‌ട്രോയോട് നടത്തിയ സംഭാഷണമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ജയിച്ചാലും തോറ്റാലും പോരാട്ടം തുടരുമെന്ന അര്‍ത്ഥമുള്ള സംഭാഷണമാണ് അരുണ്‍ കുമാര്‍ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
"ഒരിക്കൽ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയോട് ചോദിച്ചു, 'ഫിഡല്‍, നമ്മള്‍ തോറ്റു പോയാല്‍ എന്തു ചെയ്യും?' ഫിഡല്‍ മറുപടി പറഞ്ഞു 'പോരാട്ടം തുടരും'. ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോള്‍ നമ്മള്‍ വിജയിച്ചാലോ?' ഫിഡല്‍ മറുപടി പറഞ്ഞു, 'വീണ്ടും പോരാട്ടം തുടരും. 'അതേ, വീണ്ടും പോരാട്ടം തുടരും'- അരുൺ കുമാർ പോസ്റ്റിൽ കുറിച്ചു.
ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11432 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 76493 വോട്ടുകൾ നേടിയാണ് യുഡിഎഫിനായി നിലമ്പൂർ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. 65,061 വോട്ടുകൾ നേടി എൽഡിഎഫിന്റെ എം സ്വരാജ് രണ്ടാമതെത്തി. 19,946 വോട്ടുകൾ നേടി പി വി അൻവർ നിർണായക ശക്തിയായി. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8706 വോട്ടുമായി നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഒരു പതിറ്റാണ്ടിനുശേഷമാണ് നിലമ്പൂർ യുഡിഎഫിന്റെ കയ്യിലെത്തുന്നത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് ജയിച്ച മണ്ഡലമാണ് ഇനി മകൻ ഷൗക്കത്ത് ഭരിക്കുന്നത്. കൂട്ടായ്‌മയുടെ വിജയമാണ് ഇതെന്നാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |