സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സാരഥ്യം വഹിക്കുന്ന സിപിഎമ്മിന്റെ യുവതലമുറ നേതാക്കളിൽ ഏറ്റവുമധികം പിന്തുണയുള്ള ഒരാളാണ് എം. സ്വരാജ്. നിലമ്പൂർ പോത്തുകൽ സ്വദേശിയായ സ്വരാജ് തന്റെ ചിന്തകളിലൂടെയും വ്യക്തതയാർന്ന പ്രസ്‌താവനകളിലൂടെയും ഇടത് മനസുള്ള കേരളത്തിലെ യുവാക്കളിലും സാംസ്‌കാരിക ലോകത്തുമടക്കം ഇതിനകം വലിയ പേരുതന്നെയാണ് സമ്പാദിച്ചിരിക്കുന്നത്.
എന്നും തിരഞ്ഞെടുപ്പ് ഗോദയിൽ പുതുമുഖങ്ങൾക്കും സമാനചിന്തകർക്കും അവസരം നൽകുന്നതിൽ മുന്നിലാണ് സിപിഎം. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം സ്വരാജ് തൃപ്പൂണിത്തുറയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ ബാബുവിനെ നേരിട്ടാണ് തന്റെ വരവറിയിച്ചത്. കന്നിമത്സരത്തിൽ 4467 വോട്ടിന് ബാബുവിനെ തറപറ്റിച്ചു. 2021ലും നിയമസഭാ തിരഞ്ഞെടുപ്പിൽ ബാബുവിനോട് തന്നെ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം.
നാല് വർഷങ്ങൾക്കിപ്പുറം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ സ്വരാജിന് ആദ്യഘട്ടത്തിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു എന്നാണ് സൂചനകൾ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത് എന്ന് റിപ്പോർട്ടുകളുണ്ട്. പെൻഷൻ വിഷയമടക്കം കോൺഗ്രസിനെതിരെ ആയുധമാക്കി മണ്ഡലത്തിലുടനീളം അദ്ദേഹം പ്രസംഗിച്ചെങ്കിലും അതൊന്നും ജനമനസുകളിൽ എത്തിയില്ല എന്നുവേണം കരുതാൻ.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം നടന്നത് നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ചേലക്കരയിലുമാണ് അവ. ഇതിൽ ചേലക്കരയിലൊഴികെ എല്ലായിടത്തും കോൺഗ്രസ് ജയിച്ചു. ഈ മണ്ഡലങ്ങൾ കോൺഗ്രസിന്റേതാണെന്ന് പറയാം. കെ രാധാകൃഷ്‌ണൻ രാജിവച്ച ഒഴിവിലെ ചേലക്കര ഇടത് മണ്ഡലമാണെന്നും വ്യക്തമാണ് എന്നാൽ നിലവിൽ നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി എൽഡിഎഫ് വിജയിച്ചുനിന്ന മണ്ഡലം നഷ്‌ടമായത് ഇനിയെന്ത് എന്ന ചിന്ത സിപിഎമ്മിലുണ്ടാക്കും.
ക്ഷേമ പെൻഷനും പിണറായി സർക്കാരിന്റെ വികസന പദ്ധതികളും ചൂണ്ടിക്കാട്ടി വോട്ട് ചോദിച്ചാണ് ഇടത് പ്രചാരണം നിലമ്പൂരിലുണ്ടായത്. എന്നാൽ സർക്കാരിനെതിരായ വികാരം ആളികത്തിച്ചാണ് യുഡിഎഫ് വോട്ട് തേടിയത്. സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവറാകട്ടെ പിണറായിസത്തിനെതിരെയും അടുത്തിടെ മണ്ഡലത്തിൽ ശക്തമായ മനുഷ്യ-വന്യജീവി സംഘർഷങ്ങളെ എടുത്തുകാട്ടിയുമാണ് പ്രചരണം നടത്തിയത്.
യുഡിഎഫിന്റെ ജമാഅത്തെ ഇസ്‌ലാമി ബന്ധം ചോദ്യം ചെയ്‌ത എൽഡിഎഫിന് നേരെ പിഡിപി ബന്ധവും ഹിന്ദു മഹാസഭ പിന്തുണയുടെ ആരോപണവും ഉയർന്നപ്പോൾ വേണ്ടരീതിയിൽ മറുപടി നൽകാനായില്ല. മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആർഎസ്‌എസ് ബന്ധത്തെക്കുറിച്ച് വിവാദ പരാമർശംകൂടി നടത്തിയതോടെ ഇടത്പക്ഷത്തിന് തിരഞ്ഞെടുപ്പിൽ ഇവയെല്ലാം എതിരായി എന്നുവേണം കരുതാൻ. അതേസമയം അഞ്ച് വർഷത്തിനിടെ രണ്ട് തോൽവികളേറ്റുവാങ്ങിയ എം സ്വരാജിന് പാർലമെന്ററി രാഷ്‌ട്രീയത്തിലും പാർട്ടിക്കുള്ളിലും നില മെച്ചപ്പെടുത്താൻ ഇനിയേറെ അദ്ധ്വാനിക്കേണ്ടി വരുമെന്നതാണ് വാസ്‌തവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |