കൊല്ലം/ ആലപ്പുഴ: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറുകളെപ്പറ്റി കടുത്ത ആശങ്ക നിലനിൽക്കെ 34 എണ്ണം കൊല്ലത്തും രണ്ടെണ്ണം ആലപ്പുഴയിലും അടിഞ്ഞു. 25 എണ്ണവും കാലിയാണ്.
കൊല്ലം ചെറിയഴീക്കലിനും മുണ്ടയ്ക്കൽ കാക്കപ്പത്തോപ്പിനും ഇടയിലുള്ള തീരത്താണ് 34 എണ്ണവും അടിഞ്ഞത്. ആലപ്പുഴയിൽ അടിഞ്ഞത് ആറാട്ടുപുഴ തറയിൽക്കടവ് ഭാഗത്തും. ഇവയൊന്നും രാസവസ്തുക്കൾ ഉണ്ടായിരുന്നവയല്ലെന്ന് കണ്ടെയ്നർ നമ്പരും കാർഗോയുടെ വിവരങ്ങളടങ്ങിയ ഷിപ്പിംഗ് മാനിഫെസ്റ്റോയും ഒത്തുനോക്കി സ്ഥിരീകരിച്ചു.
അടിഞ്ഞ കണ്ടെയ്നറുകൾ ടഗ്ഗും മത്സ്യബന്ധനബോട്ടുകളും ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലെ യാർഡിൽ എത്തിക്കും. അഞ്ച് കണ്ടെയ്നറുകൾ ഒഴികെ പുലിമുട്ടിലും മറ്റും തട്ടി തകർന്ന നിലയിലാണ്. ഒൻപതിൽ മാത്രമാണ് കാർഗോയുള്ളത്.
ശക്തികുളങ്ങരയിൽ അടിഞ്ഞ അഞ്ച് കണ്ടെയ്നറുകൾക്ക് കാര്യമായ കേടുപാട് ഇല്ലാത്തതിനാൽ ഉള്ളിൽ എന്താണെന്ന് വ്യക്തമായിട്ടില്ല. തകർന്ന രണ്ടെണ്ണത്തിൽ ന്യൂസ് പ്രിന്റും ഗ്രീൻ ടീയുമായിരുന്നു. ചെറിയഴീക്കൽ തീരക്കടലിൽ ബാൻഡേജ് ബണ്ടിലുകൾ പൊങ്ങിക്കിടക്കുന്നുണ്ട്. ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഒഴുകാതിരിക്കാൻ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വടം ഉപയോഗിച്ച് കെട്ടിനിറുത്തി. കടലിൽ ഒഴുകിനടക്കുന്നവയെ നാവികസേനയുടെ ഡോണിയർ വിമാനം നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ ആറ് മണിയോടെ കൂട്ടിച്ചേർത്ത നിലയിലുള്ള രണ്ട് കണ്ടെയ്നറുകളാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. കസ്റ്റംസ് പരിശോധനയിൽ ബോക്സുകൾക്കുള്ളിൽ പഞ്ഞിക്കെട്ടുകളാണെന്ന് സ്ഥിരീകരിച്ചു. ഒരു കണ്ടെയ്നർ കടൽഭിത്തിയിൽ തങ്ങിനിന്നു. രണ്ടാമത്തേത് കടൽഭിത്തിയിലിടിച്ച് തകർന്ന്, വിവിധ സ്ഥലങ്ങളിലടിഞ്ഞു.
കസ്റ്റംസ്, കൂടംകുളം അണവനിലയത്തിലുള്ള വിദഗ്ദ്ധസംഘം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ അടിയുന്ന കണ്ടെയ്നറുകൾ പരിശോധിക്കുന്നുണ്ട്.
എൻ.ഡി.ആർ.എഫിന്റെ ചെന്നൈയിൽ നിന്നുള്ള സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ടെയ്നറുകൾക്ക് അടുത്തേക്ക് ജനങ്ങൾ എത്താതിരിക്കാൻ 200 മീറ്റർ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തി.
ചോർന്ന എണ്ണപ്പാട പിളർന്നു
വിഷ്ണു ദാമോദർ
കൊച്ചി: മുങ്ങിത്താഴ്ന്ന ചരക്കുകപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി മോശം കാലാവസ്ഥ. വലിയ എണ്ണപ്പാട പലതായി പിളർന്ന് അഞ്ച് കിലോമീറ്ററോളം വ്യാപിച്ചു. എണ്ണപ്പാട കേരളതീരത്ത് അടുത്തിട്ടില്ലെന്ന് നാവികസേന അറിയിച്ചു.
കടൽ പ്രക്ഷുബ്ധമായതിനാൽ ബൂം (പ്രത്യേക തടയണ) ചെയ്യാൻ ഇന്നലെയും സാധിച്ചിട്ടില്ല. നേവിയുടെ ഡോണിയർ വിമാനത്തിലൂടെ ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ് മാത്രമാണ് ഉപയോഗിക്കാനായത്. ഇന്നലെ ഉച്ചയ്ക്ക് വിമാനം നിരീക്ഷണത്തിനായി പറന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം മടങ്ങേണ്ടിവന്നു. വൈകിട്ടാണ് വീണ്ടുമിറക്കിയത്.
കപ്പലിലെ 12 കണ്ടെയ്നറുകളിലുള്ള അപകടകാരിയായ കാത്സ്യം കാർബൈഡ് ഇതുവരെ പ്രശ്നം സൃഷ്ടിച്ചിട്ടില്ല. മലിനീകരണം തടയുന്നതിന് കോസ്റ്റ് ഗാർഡിന്റെ വിക്രം, സമർത്ഥ്, സക്ഷം കപ്പലുകൾ മേഖലയിൽ തുടരുന്നുണ്ട്. മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രഹരി മുംബയിൽ നിന്നെത്തും. ഇതോടെ എണ്ണ വ്യാപനം കാര്യക്ഷമമായി നിയന്ത്രിക്കാനാകും.
തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ കപ്പൽ കമ്പനി സന്നദ്ധത അറിയിച്ചതായാണ് വിവരം. കമ്പനിയുടെ റെസ്ക്യൂ ടീമുകൾ എത്തിയാകും നീക്കുക.
കസ്റ്റംസ് കസ്റ്റഡിയിലെടുക്കും
കൊല്ലം യാർഡിൽ എത്തിക്കുന്ന കണ്ടെയ്നറുകൾ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കണ്ടെയ്നറുകളുടെ ഉടമസ്ഥർ ക്ലെയിം ഉന്നയിക്കുന്നതിനനുസരിച്ച് വിട്ടുനൽകും. ചരക്കുള്ള കണ്ടെയ്നറുകൾക്ക് തീരുവ ചുമത്തിയ ശേഷമേ വിട്ടുനൽകൂ. കടലിൽ മുങ്ങിയതിനാൽ കാർഗോകൾക്ക് ഇൻഷ്വറൻസ് ലഭിക്കും. രാസവസ്തുക്കളടങ്ങിയ കണ്ടെയ്നർ ഇതുവരെ തീരത്ത് അടിഞ്ഞിട്ടില്ല. എങ്കിലും മലിനീകരണ നിയന്ത്രണ ബോർഡ് കടൽ ജലത്തിന്റെ സാമ്പിൾ ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |