കൊച്ചി: ''തിരിച്ചെത്താനാകില്ലെന്നാണ് കരുതിയത്. ബോട്ട് കടലിൽ നിയന്ത്രണമില്ലാതെ ഒഴുകി. അടിത്തട്ട് തകരാതിരുന്നതാണ് രക്ഷയായത്..."" അപകടത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ സ്രാങ്ക് സഹായ വിൽസണിന്റെ തൊണ്ടയിടറി. അത്രയും ഭീതിനിറഞ്ഞ നിമിഷങ്ങളിലൂടെയാണ് 12 മത്സ്യത്തൊഴിലാളികൾ കടന്നുപോയത്.
ആദ്യ വലയിൽ തരക്കേടില്ലാത്ത മീനുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു. രണ്ടാമത്തെ വലയിട്ട് കുറച്ചുപേർ സ്‌റ്റോർ റൂമിലും ചിലർ വല തുന്നുന്ന തിരക്കിലുമായിരുന്നു. നാവിഗേറ്റർ കപ്പലിന്റെ സാന്നിദ്ധ്യം കാട്ടിയെങ്കിലും ബോട്ടുമായി നല്ല അകലമുണ്ടായിരുന്നു. ബോട്ടിന് സമീപത്തേക്കു പോലും കപ്പൽ വരില്ലെന്നാണ് കരുതിയത്.
പെട്ടെന്നാണ് ബോംബ് പൊട്ടുംപോലെ ശബ്ദം കേട്ടത്. കപ്പൽ വന്നിടിച്ചതായിരുന്നു. ബോട്ടിനെ ഇടത്തേക്ക് തിരിച്ച് വേഗംകൂട്ടി. ഇതിനാൽ കപ്പലിന്റെ മുന്നിൽ നിന്നു ബോട്ട് തെന്നിമാറി. അപ്പോഴേക്കും വലയെല്ലാം പൊട്ടി കടലിൽ പോയി. ഇടിയുടെ ആഘാതംകൂടിയായപ്പോൾ ബോട്ട് കറങ്ങിത്തിരിഞ്ഞു
കടലിൽ വീണവരെ ഉടൻ തന്നെ രക്ഷിച്ചു. ഈശ്വരൻ കാത്തതുപോലെ ബോട്ടിന്റെ അടിത്തട്ടിൽ വലിയ ചോർച്ചയൊന്നും ഉണ്ടായില്ല. കടന്നുപോയ കപ്പലിന്റെ വീഡിയോയും മറ്റും പകർത്തി. അപകട സാദ്ധ്യതയുള്ളതിനാൽ എത്രയും വേഗം കരയ്ക്കെത്തുകയായിരുന്നു ലക്ഷ്യം. പതിയെ മുന്നോട്ടു നീങ്ങി. സമീപത്തെ ബോട്ടുകളുടെ സഹായം തേടി. കൊല്ലത്തുള്ള അനുമോൾ 3 എന്ന ബോട്ട് രക്ഷയ്‌ക്കെത്തി. കെട്ടിവലിച്ചാണ് ബോട്ട് തീരത്ത് എത്തിച്ചത്. അപകടത്തിന് ശേഷം ആരോ കപ്പലിൽ നിന്നു നോക്കിയിരുന്നു. ബോട്ടിന് കേടുപാടു പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും അവർ നിറുത്താതെ പോയി. ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കോസ്റ്റൽ പൊലീസിന് പരാതി നൽകി. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് മൊഴി രേഖപ്പെടുത്താൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സഹായ വിൽസൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |