രണ്ട് ദിവസം മുൻപുവരെ വലിയ രാജ്യസ്നേഹിയായി തന്നെക്കണ്ട പലരും ഇന്നിപ്പോൾ രാജ്യദ്രോഹി എന്ന് വിളിക്കുന്നുവെന്ന സംവിധായകൻ അഖിൽ മാരാരുടെ സമൂഹമാദ്ധ്യമ കുറിപ്പിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. രാജ്യത്തെ സ്നേഹിക്കുന്നതാണോ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നതാണോ രാജ്യസ്നേഹം എന്നാണ് അഖിൽ മാരാർ കുറിപ്പിലൂടെ ചോദിച്ചത്. വെടിനിർത്തൽ ധാരണയായതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് ബിജെപി-ആർഎസ്‌എസ് അനുകൂലികൾ അഖിൽ മാരാർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ സന്ദീപ് വാര്യരുടെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാവം അഖിൽ മാരാരെ മിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. ഒന്ന് പോടാപ്പാ, കാര്യാലയത്തിൽ നിന്നാണല്ലോ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.
ആർഎസ്‌എസിന്റെ രാജ്യസ്നേഹം എന്ന് പറയുന്നത് അവർ സ്നേഹിക്കുന്ന രാഷ്ട്ര സങ്കല്പത്തെ ആധാരമാക്കിയാണ്. നമ്മൾ ജീവിക്കുന്ന യഥാർത്ഥമായ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രത്തെയല്ല അവർ സ്നേഹിക്കുന്നത്, മറിച്ച് ഏക ശിലാത്മകമായ, എന്നാൽ ഒരിക്കലും സംഭവിക്കാത്ത ഹിന്ദു രാഷ്ട്രത്തെയാണ് അവർ സ്നേഹിക്കുന്നത്.
ഞാൻ എന്റെ വീടിനെ സ്നേഹിക്കുന്നു എന്നൊരാൾ പറയുകയാണെങ്കിൽ അതിന്റെ ചുവരുകളെയും വാതിലിനെയും ഉത്തരത്തെയും ഓടിനെയും സ്നേഹിക്കുന്നു എന്നാണോ അതോ ആ വീട്ടിൽ നിങ്ങളോടൊപ്പം കഴിയുന്ന, ആ വീട്ടിൽ തന്നെ ജനിച്ച് വളർന്ന നിങ്ങളുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും സ്നേഹിക്കുന്നതാണോ? ഏതാണ് വീട് സ്നേഹം?
സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാതെ വീടിനെ മാത്രം സ്നേഹിക്കാൻ കഴിയുമോ? ഇത് തന്നെയല്ലേ ആർഎസ്എസിന്റെ രാജ്യസ്നേഹവും? ഹിമാലയം മുതൽ സിന്ധു സാഗരം വരെയുള്ള ഭൂമിയെ മാത്രം സ്നേഹിച്ചാൽ പോരാ. അവിടെ ജനിച്ചു വളർന്നു ജീവിക്കുന്ന മനുഷ്യരെ ഡിസ്‌ക്രിമിനേറ്റ് ചെയ്യാതെ സ്നേഹിക്കാൻ കഴിയണം. അപ്പോഴേ നിങ്ങളൊരു രാജ്യസ്നേഹിയാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |