ആലപ്പുഴ / പത്തനംതിട്ട: അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി 'ബിർണാണി" ചോദിച്ച ശങ്കു തുള്ളിച്ചാടുകയാണ്. നാലു വയസുകാരൻ ശങ്കുവിന്റെ ആശയമാണ് എല്ലാ അങ്കണവാടികളിലും 'ബിർണാണി വിപ്ലവം" ഒരുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ദേവികുളങ്ങര പഞ്ചായത്തിലെ ഒന്നാംനമ്പർ അങ്കണവാടിയിലെ വിദ്യാർത്ഥിയാണ് ദേവികുളങ്ങര പ്രയാർ വടക്ക് പുന്നക്കുഴിയിൽ ശങ്കു എന്ന ത്രിജൽ എസ്. സുന്ദർ.
പത്തനംതിട്ട, മെഴുവേലിയിൽ നടന്ന സംസ്ഥാനതല അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തശേഷമാണ് മന്ത്രി വീണാജോർജ് അങ്കണവാടിയിലെ പരിഷ്‌കരിച്ച ഭക്ഷണ മെനു പുറത്തിറക്കിയത്. തന്റെ 'ബിർണാണി വിപ്ലവം" എല്ലാ അങ്കണവാടി കുട്ടികൾക്കും ഗുണമാകുന്നതിന്റെ സന്തോഷം ഖത്തറിലിരുന്നാണ് ശങ്കു ആഘോഷിച്ചത്. അച്ഛൻ സോമസുന്ദറിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ രണ്ടുമാസം മുമ്പാണ് ശങ്കുവും അമ്മ അശ്വതി അശോകും ഖത്തറിലേക്ക് പോയത്. ജൂലായ് പകുതിയോടെ നാട്ടിലെത്തും. വീട്ടിലെത്തിയ ശേഷം ബിരിയാണി രുചിക്കാൻ അങ്കണവാടിയിലുമെത്തും. 'അങ്കണവാടീൽ ഉപ്പുമാവ് മാറ്റീട്ട്, ബിർണാണി തരണം" എന്ന ശങ്കുവിന്റെ വീഡിയോ വൈറലായിരുന്നു.
ഉപ്പുമാവ് ഇഷ്ടമില്ല, അങ്കണവാടിയിൽ പോയില്ല
ഉപ്പുമാവ് കഴിക്കേണ്ടതിനാൽ പലദിവസങ്ങളിലും ശങ്കു അങ്കണവാടിയിൽ പോകാതിരുന്നിട്ടുണ്ടെന്ന് അമ്മ അശ്വതി പറഞ്ഞു. ഓരോദിവസവും വ്യത്യസ്തങ്ങളായ വിഭവം കുഞ്ഞുങ്ങൾക്ക് നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് ശങ്കു നിമിത്തമായതിൽ ഏറെ സന്തോഷമുണ്ട്. കഞ്ഞിയും പയറും ദോശയുമെല്ലാം ശങ്കുവിന്റെ ഇഷ്ട വിഭവങ്ങളാണെന്ന് അശ്വതി പറഞ്ഞു. നാട്ടിലെത്തിയശേഷം എൽ.കെ.ജി ക്ലാസിലേക്ക് ശങ്കുവിന് അഡ്മിഷനെടുക്കണോ എന്ന് കുടുംബം തീരുമാനിച്ചിട്ടില്ല. ഒരുവർഷം വീട്ടിലിരുത്തി അക്ഷരം പഠിപ്പിച്ച ശേഷം യു.കെ.ജിയിലയക്കാനും ആലോചനയുണ്ട്.
ഇനി മുട്ട ബിരിയാണിയും പുലാവും
തിങ്കൾ:
പ്രാതൽ - പാൽ, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണം- ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/തോരൻ, പൊതുഭക്ഷണം- ധാന്യം, പരിപ്പ് പായസം.
ചൊവ്വ
പ്രാതൽ- ന്യൂട്രി ലഡു, ഉച്ചഭക്ഷണം- മുട്ട ബിരിയാണി / മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണം- റാഗി അട.
ബുധൻ
പ്രാതൽ- പാൽ, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചഭക്ഷണം- പയർ, കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം- ഇഡ്ഡലി, സാമ്പാർ, പുട്ട്, ഗ്രീൻപീസ് കറി.
വ്യാഴം
പ്രാതൽ- റാഗി, അരിഅട/ഇലയപ്പം, ഉച്ചഭക്ഷണം- ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്പാർ, മുട്ട, ഓംലെറ്റ്, പൊതുഭക്ഷണം- അവൽ, ശർക്കര, പഴം മിക്സ്.
വെള്ളി
പ്രാതൽ - പാൽ, കൊഴുക്കട്ട, ഉച്ചഭക്ഷണം- ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ, പൊതുഭക്ഷണം- ഗോതമ്പ് നുറുക്ക് പുലാവ്.
ശനി- പ്രാതൽ - ന്യൂട്രി ലഡു, ഉച്ചഭക്ഷണം- വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം- ധാന്യപായസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |