
തിരുവനന്തപുരം: ക്ലാസിനകത്തുനിന്ന് ബാല്യത്തെ മണ്ണിലേക്കിറക്കി കൃഷിയുടെ ബാലപാഠം പഠിപ്പിക്കാനൊരുങ്ങുകയാണ് ഹോർട്ടികൾച്ചർ മിഷൻ.
പ്രകൃതിയുമായി കൂടുതൽ അടുപ്പമുണ്ടാക്കാനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്താനും കാമ്പസുകളിലെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള അനാരോഗ്യ പ്രവണതകളിൽ നിന്ന് കുട്ടികളെ അകറ്റാനുള്ള സാമൂഹിക ഇടപെടലായുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിൽ 300 യൂണിറ്റുകൾ
സംസ്ഥാനത്തുടനീളം 4500 പച്ചക്കറി പോഷകത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും കുറഞ്ഞത് 300 യൂണിറ്റുകൾ വീതം നടപ്പിലാക്കും. കൃഷിവകുപ്പിന്റെ “പോഷക സമൃദ്ധി മിഷൻ” പദ്ധതിയുടെ ഭാഗമായി, ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന “രാഷ്ട്രീയ കൃഷിവികാസ് യോജന – പച്ചക്കറി പോഷകത്തോട്ട പദ്ധതി”യിൽ ഉൾപ്പെടുത്തിയാണ് കാമ്പെയിൻ. ഗ്രീൻ കേഡറ്റ് കോർപ്പ്സ് ഉൾപ്പെടെയുള്ള സന്നദ്ധ വിദ്യാർത്ഥി ക്ലബ്ബുകളുടെ പങ്കാളിത്തവുമുണ്ടാകും.
കുറഞ്ഞത് 10 സെന്റ് കൃഷിയിടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തും. ഒരു സ്ഥാപനത്തിന് പരമാവധി 5 യൂണിറ്റുകൾ വരെ അനുവദിക്കും.
ചാമ്പയും പേരയും നെല്ലിയും
ചാമ്പ, പപ്പായ, പേര, നെല്ലി, സപ്പോട്ട, മാവ്, റംബൂട്ടാൻ, പാഷൻഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, ഇഞ്ചി തുടങ്ങിയ വിളകൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. നേതൃത്വം നൽകാൻ അദ്ധ്യാപക, മാനേജ്മെന്റ് പ്രതിനിധികളുമുണ്ടാകും. ഫെബ്രുവരി മുതലാണ് കാമ്പെയിൻ ആരംഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |