
കോട്ടയം : കൂലി വർദ്ധനവടക്കം ഒൻപത് മാസം മുൻപ് സർക്കാർ നൽകിയ ഉറപ്പുപാലിക്കാതെ വന്നതോടെ സ്കൂൾ പാചകത്തൊഴിലാളികൾ ദുരിതത്തിൽ. സമരങ്ങൾക്കൊടുവിൽ വിദ്യാഭ്യാസ മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെൻഷൻ അടക്കം വർദ്ധിപ്പിച്ചപ്പോഴും പാചകത്തൊഴിലാളികളെ ഓർത്തില്ല. കൂലി എല്ലാ മാസവും ആദ്യ ആഴ്ചയിൽ കൊടുക്കാമെന്നായിരുന്നു ഉറപ്പ്. ഡിസംബറിലെ വേതനം ലഭിച്ചത് 15 ന് ശേഷം. ഭരണകക്ഷി സംഘടനയായ സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) വീണ്ടും സമരത്തിലാണ്. മുൻപ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സമരങ്ങൾക്കൊടുവിലാണ് ഏപ്രിലിൽ ആവശ്യങ്ങൾ മന്ത്രി വി.ശിവൻകുട്ടി അംഗീകരിച്ചത്.
അഞ്ഞൂറിൽ താഴെ കുട്ടികളുള്ള ഒരു സ്‌കൂളിന് ഒരു പാചകത്തൊഴിലാളിയേയുള്ളൂ. ഇത് 300 പേർക്ക് ഒരാൾ എന്ന നിലയിൽ പരിഷ്‌കരിക്കണമെന്നാണ് ആവശ്യം.
പിടിപ്പത് പണി, വേദനയായി വേതനം
പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണം പാകം ചെയ്യാൻ പല സ്‌കൂളുകളിലും പി.ടി.എയുടെ നേതൃത്വത്തിലോ പാചകത്തൊഴിലാളികൾ കൈയിൽ നിന്ന് പണം നൽകിയോ സഹായിയെ നിയമിക്കുകയാണ്. ശരാശരി 22 പ്രവൃത്തിദിനം ലഭിക്കുന്ന തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്. ഉച്ചകഴിയും വരെ ജോലിയുള്ളതിനാൽ മറ്റ് ജോലികൾക്ക് പോയി അധികവരുമാനമുണ്ടാക്കാനും ഇവർക്ക് അവസരമില്ല.
നടപ്പാകാത്ത വാഗ്ദാനങ്ങൾ
300 കുട്ടികൾക്ക് ഒരു തൊഴിലാളി , വിരമിക്കൽ പ്രായം 65 ആക്കുക
വേതനം 700 രൂപയാക്കുമെന്ന പ്രകടന പത്രിക വാഗ്ദാനം
മിനിമം കൂലി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കൽ
ഐ.ഡി കാർഡ് വിതരണം, ബാങ്ക് മുഖേന ഇൻഷ്വറൻസ് പദ്ധതി
''സർക്കാരിന്റേത് കടുത്ത അനീതിയാണ്. മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരമുഖത്താണ് യൂണിയൻ.
-പി.പ്രദീപ്, സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |