
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം നാളെയാണ്. ആയില്യപൂജയും എഴുന്നള്ളത്തും നാളെ നടക്കും. ഇതിന്റെ ഭാഗമായി നവംബർ 12 ബുധനാഴ്‌ച ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. എന്നാൽ, പൊതുപരീക്ഷകൾ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും.
മണ്ണാറശാല ആയില്യം
വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. ആയില്യ മഹോത്സവത്തിന്റെ ഭാഗമായി രാവിലെ ഒമ്പത് മുതൽ ഇല്ലത്ത് നിലവറയ്‌ക്ക് സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകും. ഉച്ചപൂജയ്‌ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്‌ക്കായുള്ള നാഗപത്മക്കളം വരയ്‌ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും.
എഴുന്നള്ളത്ത് ഇല്ലത്തെത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യപൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യപൂജകൾ നടക്കും. ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും. ഇത് നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള വിശേഷപ്പെട്ട ഉത്സവമാണ്. ഈ ചടങ്ങ് ഭക്തർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കും എന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |