
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അതിവേഗ അറസ്റ്റിനുള്ള നീക്കം നടത്തിയതിനുപിന്നാലെയാണ് രാഹുലിന്റെ നീക്കം. പരാതിക്കാരിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ട്. പക്ഷെ യുവതി പറയുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഹർജിയിൽ പറയുന്നത്.
ഗർഭഛിദ്രം ചെയ്യാൻ പ്രേരിപ്പിച്ചെന്ന ആരോപണവും രാഹുൽ തള്ളുന്നുണ്ട്. അന്വേഷണമായി സഹകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. പരാതിക്കുപിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജി നാളെ രാവിലെ പരിഗണിക്കാനാണ് സാദ്ധ്യത. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിടാനുളള സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പത്ത് വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, രാഹുലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വെെകുന്നേരത്തോടെ ഇറങ്ങുമെന്നാണ് വിവരം.
രാഹുലിനെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തിരുവനന്തപുരത്തും പാലക്കാട്ടും എത്തിച്ച് ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി അതുകാണിച്ച് ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിലുണ്ട്. ഗർഭിണിയായശേഷവും പീഡിപ്പിച്ചുവെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |