
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിന് എത്തിച്ചു. പത്തനംതിട്ട തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. ബലാത്സംഗം ഈ ഹോട്ടലിൽ വച്ചാണ് നടന്നതെന്നാണ് യുവതിയുടെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലുമായി ഇവിടെ തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 5.30ഓടെയാണ് എആർ ക്യാമ്പിൽ നിന്ന് രാഹുലുമായി എസ്ഐടി തിരുവല്ലയിലേക്ക് തിരിച്ചത്. പാലക്കാടും തെളിവെടുപ്പ് നടക്കും. തെളിവെടുപ്പിനിടെ യുവജന രാഷ്ട്രീയ സംഘനകളുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം രാഹുലിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ നൽകിയത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പൊലീസ് ഇന്നലെ കണ്ടെടുത്തു. പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. നിര്‍ണായക വിവരങ്ങള്‍ ഈ ഫോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ലാപ്‌ടോപ് എവിടയെന്ന് വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ലാപ്‌ടോപ് എവിടെയെന്ന് വെളിപ്പെടുത്തിയ ശേഷമേ പാലക്കാട് തെളിവെടുപ്പിന് കൊണ്ടു വരുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |