
കോഴിക്കോട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കോൺഗ്രസ് വനിതാ നേതാവ് ആർ വി സ്‌നേഹ രംഗത്ത്. 'നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്' എന്ന് ശ്രീനാദേവിയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ആർ വി സ്‌നേഹ പ്രതികരിച്ചത്.
'പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല. അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്'- ആർ വി സ്‌നേഹ ഫേസ്ബുക്കിൽ കുറിച്ചു. ഇതോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് പാർട്ടി അംഗത്വം നൽകിയ രസീതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഹുലിന് പിന്തുണയുമായി ശ്രീനാദേവി ഫേസ്ബുക്ക് ലൈവ് ചെയ്‌തത്. രാഹുലിനെ അതിജീവിതൻ എന്ന് വിശേഷിപ്പിച്ചായിരുന്നു ഫേസ്‌ബുക്ക് ലൈവ്. പീഡനപരാതികൾ നേരിടാൻ അതിജീവിതനൊപ്പമാണെന്നും പ്രതിസന്ധി നേരിടാൻ രാഹുലിന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നുമാണ് ശ്രീനാദേവി ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത്. അതിജീവിതയുടെ ആരോപണങ്ങൾ സംശയാസ്‌പദമാണെന്നും കോൺഗ്രസ് വനിതാ നേതാവ് അഭിപ്രായപ്പെട്ടു. കോടതി പറയുന്നതുവരെ രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് നമുക്ക് വിധി പറയാൻ സാധിക്കില്ല. നിയമസഭാ സമാജികൻ എന്ന നിലയിൽ ഇത് പ്രാധാന്യം കൊടുക്കേണ്ട വാർത്ത തന്നെയാണ്. പക്ഷേ, പ്രാധാന്യം കൊടുക്കുമ്പോൾ ഇത്രയധികം കഥ മെനയുമ്പോൾ ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടർമാർ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.
അതേസമയം, സൈബർ അധിക്ഷേപം നടത്തിയതിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. പിന്നാലെ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്ന് കാണിച്ച് ശ്രീനാദേവിയും മുഖ്യമന്ത്രിക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |