പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഈ മാസം 30 വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച പോറ്റിക്കെതിരെ ജനരോഷവും ശക്തമാണ്. കോടതി നടപടികള്‍ക്കായി പത്തനംതിട്ട റാന്നിയിലും അവിടെ നിന്ന് എസ്പി ഓഫീസിലും എത്തിച്ചപ്പോഴുള്ള സംഭവങ്ങള്‍ ഇതിന് തെളിവാണ്. ഉച്ചഭക്ഷണ സമയത്താണ് പ്രതിയെ എസ്പി ഓഫീസില്‍ എത്തിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഊണ് വാങ്ങി നല്‍കിയ സമയത്ത് തൈര് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കടയില്‍ നിന്ന് തൈര് വാങ്ങാന്‍ പോയ പൊലീസുകാരന്‍ തിരിച്ചെത്തിയപ്പോഴേക്കും മറ്റാരോ പോറ്റിക്ക് തൈര് നല്‍കിയിരുന്നു. ഇതോടെ കടയില്‍ തൈര് തിരികെ നല്‍കാനായി പൊലീസുകാരന്‍ വീണ്ടുമെത്തിയപ്പോഴാണ് കടയുടമയായ സ്ത്രീക്ക് കാര്യം മനസ്സിലായതു. തൈര് വാങ്ങിയത് പോറ്റിക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കടയുടമയായ സ്ത്രീ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇന്ന് നല്‍കിയത് നല്‍കി, മേലില്‍ ആ കള്ളന് വേണ്ടി ഇവിടെ നിന്ന് സാധനം തരില്ല എന്നാണ് കടയുടമ പറഞ്ഞത്.
പോറ്റിക്ക് വേണ്ടിയാണ് തൈര് എന്ന് അറിഞ്ഞപ്പോള്‍ ആ സമയം കടയിലുണ്ടായിരുന്നവരും ഇനി അയാള്‍ക്ക് കൊടുക്കാന്‍ തൈര് നല്‍കരുത്, അയ്യപ്പന്റെ സ്വര്‍ണം കട്ടവന് എന്ത് സസ്യാഹാരം എന്ന തരത്തിലാണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.
കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 13 ദിവസത്തേക്കാണ് റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. അഭിഭാഷകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണു കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. ശബരിമലയിലെ 2 കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |