ശിവഗിരി :ഗുരുദേവ സന്ദേശ പ്രചരണം ജാതിമത-രാഷ്ട്രീയ കക്ഷി ഭേദമന്യേ വ്യാപകമാക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 63-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്ന ഗുരുധർമ്മ പ്രചരണസഭ സംഘടനാ നേതൃസംഗമം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
തുല്യമായ സാമൂഹിക നീതി കൈവരിക്കാൻ ജനസമൂഹത്തെ ബോധവത്കരിക്കുന്നതിന് ആവശ്യമായ ആശയ പ്രചാരണങ്ങൾ നടത്തും.സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കും. അനീതിക്കെതിരെ കൂട്ടായി നിന്ന് ഗുരുസന്ദേശത്തിന്റെ വെളിച്ചത്തിൽ പ്രവർത്തിക്കാനും , മദ്യം,മയക്കുമരുന്ന്, ജാതീയമായ ഉച്ചനീചത്വങ്ങൾ എന്നിവയ്ക്ക് എതിരായി ശക്തമായ നിലപാടുകൾ സ്വീകരിക്കാനും പ്രാപ്തരാക്കും.ഗുരുധർമ്മത്തിൽ വിശ്വസിക്കുന്ന ജനസമൂഹത്തിന്റെ കൂട്ടായ്മ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശക്തമാക്കുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ധർമ്മപ്രചരണവും ഗുരുധർമ്മ പ്രചരണസഭയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സ്വാമി അസംഗാനന്ദഗിരി സന്ദേശം നല്കി.സ്വാമി വീരേശ്വരാനന്ദ, കെ.ടി. സുകുമാരൻ ,പുത്തൂർ ശോഭനൻ, ഇ.എം. സോമനാഥൻ, കുറിച്ചി സദൻ, സത്യൻപന്തത്തല, സതീശൻ അത്തിക്കാട് തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് വേദിയിൽ ബ്രഹ്മവിദ്യാപഞ്ചകം, ചിജ്ജഡ ചിന്തനം എന്നിവയിൽ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും ഡോ. ഷീജാ വക്കവും ബാബുരാജ് വട്ടോടിലും പഠന ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ഗുരുമൊഴി ബാലയുവജന സംഗമം സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്തു. മാതൃസഭ പ്രസിഡന്റ് ഡോ.സി.അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ലഹരിമുക്ത ജീവിതം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടന്നു.
വനമിത്ര പുരസ്‌കാര ജേതാവ് സുനിൽ സുരേന്ദ്രൻ,അഞ്ജലി പ്രദീപ് കുട്ടനാട് എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. ജീവിതം ഉത്സവമാക്കാം-പുസ്തകപരിചയം ജി.ഡി.പി.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ബാബുരാജ് നിർവ്വഹിച്ചു . മാതൃസഭ സെക്രട്ടറി ശ്രീജ ജി.ആർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, ജനറൽ കൺവീനർ അഡ്വ.സുബിത്ത്. എസ്.ദാസ് എന്നിവർ പ്രസംഗിച്ചു. പ്രാർത്ഥനാ യജ്ഞവും നടന്നു.
ശിവഗിരിയിൽ ഇന്ന് ശാരദാ
പ്രതിഷ്ഠാ വാർഷികദിനാഘോഷം
ശിവഗിരി: ചിത്രാപൗർണ്ണമി ദിനമായ ഇന്ന് ശ്രീശാരദാദേവി സന്നിധിയിൽ പതിവിലുമേറെ ഭക്തജനസാന്നിദ്ധ്യം ഉണ്ടാവും. ഗുരുദേവൻ ശാരദാദേവിയെ കുടിയിരുത്തിയതിന്റെ 113-ാമത് വാർഷികദിനം കൂടിയാണ്. പുലർച്ചെ മുതൽ വിശേഷാൽ പൂജകളും അർച്ചനയുമുണ്ടാകും. വിദ്യാദേവതയുടെ തിരുമുമ്പിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രാർത്ഥനയും വഴിപാടുകളും സമർപ്പിക്കും.
പരിഷത്ത് ഇന്ന്
സമാപിക്കും
ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - ത്രിദിന വിജ്ഞാനോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് പരിഷത്ത് വേദിയിൽ രാവിലെ 10.30ന് ഗുരുദേവ-മഹാത്മജി സമാഗമം ഇന്നായിരുന്നെങ്കിൽ എന്ന വിഷയത്തിൽ മുൻമന്ത്രി മുല്ലക്കര രത്നാകരനും ചരിത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ വിഷയത്തിൽ ഡോ. അലക്സാണ്ടർ ജേക്കബും 12ന് ശ്രീനാരായണ ധർമ്മം- സമഗ്ര അവലോകനത്തിൽ എന്ന വിഷയത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയും ക്ലാസുകൾ നയിക്കും.
ഉച്ചയ്ക്ക് 2ന് ഗുരുദേവ തൃപ്പാദങ്ങളും തമിഴകവും- സമ്മേളനം സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും .സദാചാരം എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും .സ്വാമി ചൈതന്യാനന്ദ അദ്ധ്യക്ഷത വഹിക്കും. രാമചന്ദ്രൻ, അഡ്വ. ഇളങ്കോ, ആർ. പളനിമാരിയപ്പൻ ചെന്നൈ, എം.എസ്. മണിലാൽ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 3.30ന് 'ശ്രീ ശാരദ പ്രതിഷ്ഠാ മാഹാത്മ്യവും ചരിത്രവും' - ആദ്ധ്യാത്മ സത്സംഗ സഭ. ധർമ്മസംഘം മുൻപ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. മുൻ ജനറൽസെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ (മുരളിയ ) സന്ദേശം നല്കും. സ്വാമി ബോധിതീർത്ഥ , സ്വാമി ഗുരുപ്രസാദ്, സ്വാമി ആത്മപ്രസാദ് , സ്വാമി സത്യാനന്ദതീർത്ഥ , സ്വാമി ശിവനാരായണതീർത്ഥ, സ്വാമി കൈവല്യാനന്ദസരസ്വതി സ്വാമി പത്മാനന്ദ ,സ്വാമി ശങ്കരാനന്ദ, സ്വാമി അദ്വൈതാനന്ദതീർത്ഥ, സ്വാമി അംബികാനന്ദ, സ്വാമി ജ്ഞാനതീർത്ഥ എന്നിവർ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |