തൊടുപുഴ: ജില്ലയിൽ വാഹനങ്ങൾക്ക് തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 20 വാഹനങ്ങൾക്കാണ് തീപിടിച്ചത്. ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്കാണിത്. ഇരുപതിൽ 13 അപകടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹൈറേഞ്ച് മേഖലയിലാണ്. പീരുമേട് മേഖലയിൽ മാത്രം ആറ് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. ഇതിൽ ഒരു കെ.എസ്.ആർ.ടി.സി ബസും ഉൾപ്പെടും.
തൊടുപുഴ മേഖലയിൽ ഏഴ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ തീ പിടിച്ചത് കാറിനാണ്. പത്ത് കാറുകളാണ് ജില്ലയിലെ വിവിധയിടങ്ങളിലായി കത്തിയമർന്നത്. എന്നാൽ അപകടങ്ങളിലൊന്നും യാത്രക്കാരിൽ ചിലർക്ക് പൊള്ളലേറ്റതല്ലാതെ ജീവഹാനി ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. എളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനങ്ങൾ നിർമ്മിക്കുന്നതെങ്കിലും യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിന് കാരണമാകാം.
കത്തിയ വാഹനങ്ങളും എണ്ണവും
കാർ- 11
ഓമ്നി വാൻ- 1
ബസ് - 2
ലോറി - 3
ബൈക്ക് - 2
ജീപ്പ്- 1
കാരണങ്ങൾ പലത്
ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട്: കേടായതും സീൽ പൊട്ടിയതുമായ വയറുകൾ, അല്ലെങ്കിൽ തെറ്റായി ഘടിപ്പിച്ച ബാറ്ററി, സ്റ്റാർട്ടർ എന്നിവ ഷോർട്ട് സർക്യൂട്ടായി തീപിടിത്തത്തിന് കാരണമാകാം.
ഇന്ധനവും എണ്ണയും ചോർച്ച: ഫ്യൂവൽ ലൈനുകൾക്ക് തകരാറുണ്ടാവുക, ഓയിൽ സീലുകൾ ഉരുകുക, അല്ലെങ്കിൽ ഫ്യൂവൽ ഇഞ്ചക്ടറുകളിൽ തകരാറുണ്ടാവുക എന്നിവ കാരണം ഇന്ധനവും എണ്ണയും ചോർന്ന് തീപിടിക്കാൻ സാദ്ധ്യതയുണ്ട്.
അമിത താപം: എഞ്ചിൻ അമിതമായി ചൂടാകുമ്പോൾ വയറുകൾ സ്പർശിച്ച് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം.
രൂപമാറ്റം: സ്വന്തം ഇഷ്ട പ്രകാരം വാഹനങ്ങളിൽ വരുത്തുന്ന രൂപമാറ്റങ്ങൾ തീപിടിത്തത്തിന് കാരണമാകാം.
ഓവർഹീറ്റിംഗ്: ഹൈറേഞ്ചിൽ വാഹനമോടിക്കുമ്പോൾ ഓവർഹീറ്റ് ആകാതെ ശ്രദ്ധിക്കുക
സ്‌ഫോടക വസ്തുക്കൾ: ഇന്ധനം പോലുള്ള സ്‌ഫോടക വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുന്നത് അപകടമുണ്ടാക്കാം.
പ്രാണികളുടെ ആക്രമണം: പ്രാണികൾ ഇന്ധനക്കുഴലുകൾ തുരക്കുന്നത് വഴി ഇന്ധനം ചോർന്ന് തീപിടിത്തമുണ്ടാകാം.
അറ്റകുറ്റപണി മുടക്കരുത്
മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതുണ്ടാകും. മറ്റ് ചിലപ്പോൾ നിസാരമെന്നു കരുതി അവഗണിക്കുന്ന ചില കാര്യങ്ങളായിരിക്കും വലിയ അപകടത്തിന് വഴിവെക്കുന്നത്.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
തീപിടിക്കാവുന്ന ഇന്ധനം പോലുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്.
വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.
തീയോ പുകയോ കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്ന് സുരക്ഷിത അകലം പാലിക്കുക.
സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം തീ പിടിക്കുന്നതു മൂലം വിഷമയമായ വായു പ്രവഹിക്കാം, അത് ജീവന് തന്നെ അപകടമുണ്ടാക്കാം. ധാരാളം ജലം ലഭ്യമായ സ്ഥലമാണെങ്കിൽ മാത്രം സ്വയം തീയണയ്ക്കാൻ ശ്രമിക്കുക
ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അത് വായുവുമായി കൂടുതൽ സമ്പർക്കത്തിലെത്താൻ കാരണമാകുമെന്നതിനാൽ തീ കൂടുതൽ പടരും.
ചെറിയ ഫയർ എക്സിറ്റിങ്‌ഗ്യൂഷർ വാഹനത്തിൽ കരുതുന്നത് പെട്ടെന്നുള്ള രക്ഷാ പ്രവർത്തനത്തിന് ഉപകരിക്കും.
അപകടം നടന്നാൽ ഉടൻ അഗ്നിശമന സേനയെ അറിയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |